ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തിയിട്ടില്ല; മത്സരിക്കേണ്ടതില്ലെന്നത് അവരുടെ തീരുമാനം: വി.ഡി.സതീശൻ

ബിസിനസ് നടത്താനുള്ള കിറ്റെക്‌സിന്റെ അവകാശത്തെ യു.ഡി.എഫ് പിന്തുണയ്ക്കുന്നു

Written by - Zee Malayalam News Desk | Last Updated : May 9, 2022, 01:48 PM IST
  • ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു
  • സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും
ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തിയിട്ടില്ല; മത്സരിക്കേണ്ടതില്ലെന്നത് അവരുടെ തീരുമാനം: വി.ഡി.സതീശൻ

കൊച്ചി: ട്വന്റി ട്വന്റിയും ആം ആദ്മിയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കും. ഈ പാര്‍ട്ടികളുമായി യു.ഡിഎഫ് ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. ബിസിനസ് നടത്താനുള്ള കിറ്റെക്‌സിന്റെ അവകാശത്തെ യു.ഡി.എഫ് പിന്തുണയ്ക്കുന്നു. കേരളത്തില്‍ നടക്കുന്ന ബിസിനസ് സംരംഭങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് യു.ഡി.എഫ് നേരത്തെ തന്നെ നിലപാടെടുത്തിട്ടുണ്ട്. അതല്ലാതെ ട്വന്റി ട്വന്റിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മത്സരിക്കേണ്ടെന്ന തീരുമാനം ആ പാര്‍ട്ടിയാണ് എടുത്തത്. ട്വന്റി ട്വന്റിയും ആം ആദ്മിയും മത്സരിച്ചാല്‍ യു.ഡി.എഫിന് കിട്ടേണ്ട സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ എന്തെങ്കിലും രക്ഷ കിട്ടുമെന്നു നോക്കിയിരുന്നവര്‍ക്ക് അത് കിട്ടാതായപ്പോള്‍, യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
 
കുന്നത്തുനാട് എം.എല്‍.എ ശ്രീനിജനെ ഉപകരണമാക്കി കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. പി.ടി തോമസ് മത്സരിച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ട്വന്റി ട്വന്റി കുറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന ധാരണ പി.ടി തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിര്‍ക്കാനുള്ള കാരണം. ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കി സ്ഥാനാര്‍ഥിയെ മാറ്റിയെന്നത് എല്‍.ഡി.എഫിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതാണ്. 

സര്‍ക്കാരിനെതിരായ നിലപാടിലാണ് ട്വന്റി ട്വന്റി. അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഘടിച്ചേനെ. അത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമായിരുന്നു. ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന ട്വന്റി ട്വന്റിയാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിന് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. വര്‍ഗീയ വാദികള്‍ ഒഴികെ മറ്റെല്ലാവരോടും യു.ഡി.എഫ് വോട്ടു ചോദിക്കും. ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ വോട്ടര്‍മാരെല്ലാം സാധാരണക്കാരാണെന്നും വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി കോണ്‍ഗ്രസും തെരഞ്ഞെടുപ്പും വരുമ്പോള്‍ കെ റെയില്‍ സര്‍വെയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടി കാട്ടി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്ധന വിലയും പാചകവാതക വിലയും വര്‍ധിപ്പിക്കുന്നത് 75 ദിവസത്തേക്ക് നിര്‍ത്തിവച്ചു. തൊട്ടുപിന്നാലെ വര്‍ധിപ്പിച്ചു. അതുപോലെയാണ് സംസ്ഥാന സര്‍ക്കാരും ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. മഞ്ഞ കുറ്റിയെന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാണ്. ജനങ്ങളുടെ മേല്‍ കുതിര കയറാനും പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാര്‍ഷ്ട്യത്തിന് എതിരായി ജനങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്ന് ഭയന്നാണ് കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും തുടരും. എവിടെ കുറ്റിയിട്ടാലും UDF തടയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News