കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ. 19 വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ കുട്ടികൾക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാക്കനാട്ടെ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ജില്ലയിലെ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു.
ഉദരസംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ വൈറസ്. ഈ വൈറസ് ബാധിക്കുന്നത് കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവർ, ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും വൈറസ് ബാധിക്കും.
നാദാപുരത്തിന്റെ സമീപ പഞ്ചായത്തുകളിലും അഞ്ചാംപനി വ്യാപിക്കുന്നു; ആകെ രോഗബാധിതർ 80 ആയി
കോഴിക്കോട്: നാദാപുരത്ത് അഞ്ചാംപനി വ്യാപിച്ചതിന് പിന്നാലെ സമീപ പഞ്ചായത്തുകളിലും അഞ്ചാംപനി പടരുന്നു. നാദാപുരത്തിന്റെ സമീപ പഞ്ചായത്തുകളായ ചെക്യാടും വളയത്തും വാണിമേലിലുമാണ് അഞ്ചാംപനി പടരുന്നത്. തൂണേരി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 80 കവിഞ്ഞു. ചെക്യാട് പഞ്ചായത്തിൽ 12 പേർക്കും വളയത്ത് 10 പേർക്കുമാണ് രോഗം ബാധിച്ചത്. ഇന്നലെ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നാദാപുരത്ത് മാത്രം രോഗ ബാധിതരുടെ എണ്ണം 36 ആയി.
നാദാപുരത്ത് ഇന്നലെ ഒരാൾ പോലും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ നൽകാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ നൽകുന്നത് തടയുന്നവർക്കെതിരെ നടപടി വേണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും കലക്ടറോട് ആവശ്യപ്പെടാനൊരുങ്ങുകയാണ്. നാദാപുരം ഉപജില്ലയിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകർക്കും പിടിഎ പ്രസിഡന്റുമാർക്കും ബോധവൽക്കരണ ക്ലാസ് നൽകാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങൾ ഉള്ളവർ സർക്കാർ ആശുപത്രികളെ ഒഴിവാക്കി ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നതായി ഡോക്ടർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...