പത്തനംതിട്ട: രണ്ട് ദിവസമായി ചെറുമക്കൾക്കൊപ്പം ഏനാദിമംഗലം പഞ്ചായത്താഫീസിന് മുന്നിൽ വച്ച ചെറിയ പട്ടിക്കൂട്ടിൽ താമസിക്കുന്ന കുഞ്ഞുമോൾക്ക് ഇത് ആരെയും തോൽപ്പിക്കാനായുള്ള സമരമുറയല്ല. ഈ വിശാലമായ ഭൂമിയിൽ തല ചായ്ക്കാൻ ഇടമില്ലാതായതിന്റെ നിസ്സഹായതയാണ് രോഗിയായ കുഞ്ഞുമോളെ ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.
ആവുന്ന കാലത്തെല്ലാം കൂലിപ്പണി എടുത്തും സ്ത്രീ എന്ന പരിമിതി ഒട്ടുമില്ലാതെ കിണറുപണി ചെയ്തു മെല്ലാമാണ് കുഞ്ഞുമോൾ എന്ന 56 കാരി കുടുംബം പുലർത്തിയത്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവർ ഏനാദിമംഗലത്തെ വിവിധ വീടുകളിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു.
Read Also: ലൈഫ് പദ്ധത്തിയിൽ വീട് കിട്ടിയില്ല; കൊച്ചുമക്കളുമായി പട്ടിക്കൂട്ടിൽ കയറി മുത്തശ്ശിയുടെ പ്രതിഷേധം
അടുത്ത കാലത്ത് ഭർത്താവ് കുഞ്ഞുമോൻ രോഗബാധിതനാവുകയും കുത്തുമോൾക്ക് ഹൃദയ സംബന്ധമായ രോഗം ബാധിക്കുകയും ചെയ്തപ്പോൾ ഏക മകൻ അനീഷ് കൂലിപ്പണി ചെയ്ത് കുടുംബം പോറ്റി. 6 മാസം മുൻപ് അനീഷ് ഒരു അപകടത്തിൽ മരണപ്പെട്ടതോടെ ചെറുമക്കളായ 9 വയസുകാരൻ ആദിനാഥിന്റെയും 8 വയസുകാരി അശ്വനിയുടേയും ചുമതലയും കുഞ്ഞുമോളെ ഏൽപ്പിച്ച് തമിഴ്നാട് സ്വദേശിയായ മരുമകൾ ജോലി അന്വേഷിച്ച് തമിഴ്നാട്ടിലേക്ക് പോയി.
ഇപ്പോൾ കഴിയുന്ന വാടക വീട് 5 മാസത്തെ വാടക കുടിശിക ആയതോടെ ഒഴിയേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞുമോൾ തന്റെ വളർത്ത് നായയുടെ കൂട് കൈയേറി ചെറുമക്കൾക്കൊപ്പം പഞ്ചായത്ത് ഓഫീസ് പടിക്കൽ താമസമാക്കിയത്. കഴിഞ്ഞ പത്ത് വർഷമായി വീടിനും സ്ഥലത്തിനും അപേക്ഷ നൽകി കാത്തിരുന്നു.
2020 ലും ലൈഫ് പദ്ധതിയിൽ തന്റെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും വീടും സ്ഥലവും ലഭിച്ചില്ലെന്നും ഈ വർഷത്തെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മരിക്കും മുൻപ് കിട്ടും എന്നുറപ്പില്ലെന്നുമാണ് കുഞ്ഞുമോൾ പറയുന്നത്. അതേ സമയം കുഞ്ഞുമോൾക്ക് തന്റെ വാർഡിൽ താമസ സൗകര്യം ഒരുക്കുമെന്ന് ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി പറഞ്ഞു.
കുട്ടികൾക്ക് സമീപത്ത് തന്നെയുള്ള കുന്നിട സ്കൂളിൽ പഠനത്തിന് സൗകര്യം ഒരുക്കും. ഈ വർഷത്തെ ലൈഫ് പദ്ധതിയുടെ ഗുണഭോക്ത്യ ലിസ്റ്റിൽ കുത്തുമോളുടെ പേര് ഉണ്ടെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം ഇവർക്ക് സ്ഥലവും വീടും നൽകുന്നതിന് പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...