തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കും മുന്‍പ് ഒരു തവണകൂടി ആലോച്ചോളൂ... സ്വത്ത് ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം!!
വാര്‍ദ്ധക്യകാലത്ത് മക്കളുടെ താങ്ങും തണലും ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് ഇനി സ്വത്ത് സര്‍ക്കാരിലേക്ക് നല്‍കാം. ഇങ്ങനെ ലഭിക്കുന്ന സ്വത്ത് ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ വയോജനക്ഷേമ ട്രസ്റ്റ് രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ ട്രസ്റ്റിന്റെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച കരട് രേഖ സാമൂഹിക നീതി വകുപ്പ് തയ്യാറാക്കി വരികയാണ്. ജൂണിന് മുന്‍പ് ട്രസ്റ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
സർക്കാർ വൃദ്ധസദനങ്ങളിൽ എത്തിച്ചേരുന്നപ്പെടുന്ന പലരും ശേഷിക്കുന്ന സ്വത്തും പണവും സർക്കാറിന് സംഭാവന ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട്. നിലവിൽ ഇത്തരത്തില്‍ ലഭിക്കുന്ന സംഭാവനകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ല. ഇതാണ് ഇത്തരമൊരു ട്രസ്റ്റ് രൂപീകരിക്കാന്‍ പ്രേരണയായത്. വയോജന ക്ഷേമ ട്രസ്റ്റ് രൂപവത്കരിച്ച് ഇത്തരത്തില്‍ എത്തുന്ന സ്വത്തുക്കള്‍ പരിപാലിക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമൂഹികനീതി മന്ത്രി ചെയർമാനായ സീനിയർ സിറ്റിസൺ കൗൺസിലിന് കീഴിലാകും ട്രസ്റ്റ് പ്രവർത്തനം. പണമായും ഭൂമിയായും ട്രസ്റ്റിന് ലഭിക്കുന്ന സ്വത്ത്, സംരക്ഷിക്കാൻ ആരോരുമില്ലാത്ത വയോജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് പദ്ധതി.
വൃദ്ധസദനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഭിന്നശേഷിക്കാരായ വയോധികർക്ക് വീൽചെയർ പോലുള്ള സംവിധാനങ്ങൾ തുടങ്ങിയ ചെലവുകൾക്ക് ഇത്തരം ഒരു ട്രസ്റ്റ് വഴി പണം കണ്ടെത്താന്‍ സാധിക്കും. ട്രസ്റ്റ് വരുന്നതോടെ വയോജനക്ഷേമ പ്രവർത്തനങ്ങൾ കുടുതൽ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ.