മാസത്തില്‍ പത്തു മണിക്കൂര്‍ അധിക ജോലി ചെയ്താല്‍ ഒരവധി പകരം ലഭിക്കും

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Last Updated : Jan 15, 2020, 03:51 PM IST
  • മാസത്തില്‍ പത്തു മണിക്കൂറോ അതില്‍ കൂടുതലോ അധികസമയം ജോലി ചെയ്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പകരം അവധി
  • ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
  • നിര്‍ബന്ധിത പ്രവര്‍ത്തി സമയമായ ഏഴ് മണിക്കൂര്‍ കഴിഞ്ഞുള്ള ജോലി സമയമാണ് അധിക സമയമായി കണക്കാക്കുന്നത്.
മാസത്തില്‍ പത്തു മണിക്കൂര്‍ അധിക ജോലി ചെയ്താല്‍ ഒരവധി പകരം ലഭിക്കും

തിരുവനന്തപുരം: മാസത്തില്‍ പത്തു മണിക്കൂറോ അതില്‍ കൂടുതലോ അധികസമയം ജോലി ചെയ്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പകരം അവധി നല്‍കും.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. നിര്‍ബന്ധിത പ്രവര്‍ത്തി സമയമായ ഏഴ് മണിക്കൂര്‍ കഴിഞ്ഞുള്ള ജോലി സമയമാണ് അധിക സമയമായി കണക്കാക്കുന്നത്. 

ബയോമെട്രിക് പഞ്ചിംഗ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ച ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ജീവനക്കാര്‍ക്ക് ഒരു മാസം അനുവദിച്ചിരിക്കുന്ന ഗ്രേസ് സമയം എന്നു പറയുന്നത് 300 മിനിറ്റാണ്. ഒരു ദിവസം വിനിയോഗിക്കാവുന്ന ഗ്രേസ് സമയം ഒരു മണിക്കൂറാണ്. 

ഓരോ മാസവും 16 മുതല്‍ അടുത്ത മാസം 15 വരെയുള്ള സമയത്തിലാണ് ഗ്രേസ് സമയം കണക്കാക്കുന്നത്. ഹാഫ് ഡേയ്ക്കും ഗ്രേസ് സമയം അനുവദിക്കും. 

ഓരോ മാസം 16 മുതല്‍ അടുത്ത മാസം 15 വരെയുള്ള അവധി അപേക്ഷ സ്പാര്‍ക്കിലൂടെ നല്‍കിയില്ലെങ്കില്‍ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും.

എന്നാലും പിന്നീട് അവധിയ്ക്ക് അപേക്ഷിച്ചാല്‍ ശമ്പളം നല്‍കും.  ഇതിനുള്ള അറിയിപ്പ് ജീവനക്കാര്‍ക്ക് എസ്എംഎസ് മുഖേന നല്‍കും.

അനുവദിച്ചിട്ടുള്ള ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തെ പോകുന്നവരും അവധിയ്ക്ക് അപേക്ഷിച്ചില്ലെങ്കില്‍ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ വൈകി വരുന്നതോ നേരത്തെ പോകുന്നതോ അനുവദിക്കില്ല. 

അതുപോലെ ഒറ്റത്തവണ പഞ്ച് ചെയ്താല്‍ ഹാജരായി കണക്കാക്കില്ല പകരം ആ ദിവസം അവധിയാകും. ദിവസ വേതന, താത്ക്കാലിക, കരാര്‍ ജീവനക്കാരെ പഞ്ചിംഗില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സാങ്കേതിക തകരാറുമൂലം പഞ്ചിംഗ് മുടങ്ങിയാല്‍ പുന:ക്രമീകരിക്കും. സര്‍വ്വീസില്‍ പുതിയതായി നിയമിതരാവുന്നവര്‍ ആ ദിവസം തന്നെ പഞ്ച് ചെയ്യണം. 

ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ വേണ്ടി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ അധിഷ്ടിത സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ച് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

Trending News