തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വിലാപയാത്ര. ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾ പൂർത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. ഇതിൻെറ ഭാഗമായി തിരുവനന്തപുരം - കോട്ടയം എംസി റോഡിൽ ഇന്ന് പുലർച്ചെ മുതൽ തന്നെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ശേഷം രാത്രിയോടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ തറവാട്ട് വീട്ടിൽ എത്തിക്കും. വിലാപയാത്ര കണക്കിലെടുത്ത് ഉച്ചയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ALSO READ: പുതുപ്പള്ളിയിലേയ്ക്ക് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര; ഒരുനോക്ക് കാണാൻ വൻ ജനാവലി
പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ രമേശ് ചെന്നിത്തല,ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. രാവിലെ മുതൽ തന്നെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാണ് ജഗതിയിലെ വീട്ടിൽ മുഴങ്ങിക്കേട്ടത്. ഏറെ വൈകാരികമായ നിമിഷങ്ങൾക്കും ജഗതിയിലെ വീട് സാക്ഷ്യം വഹിച്ചു. നിരവധി പേരാണ് ഇവിടെയും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്.
സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ചതിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ
വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.
തുടർന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.
2 മണി മുതൽ 3.30 മണി വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം.
3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് സംസ്കാരം.
5 മണിക്ക് അനുശോചന സമ്മേളനം
വാഹന പാർക്കിംഗ് ക്രമീകരണം
മീനടം കറുകച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ
നിലയ്ക്കൽ പള്ളി മൈതാനം, ഡോൺ ബോസ്കോ സ്കൂൾ മൈതാനം
മണർകാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം
ചങ്ങനാശ്ശേരി വാകത്താനം പാറയ്ക്കൽ കാടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ
ഈവിനല്ലൂർ കലുങ്കിനടുത്തുള്ള പള്ളിവക സ്ഥലം, വെടിക്കെട്ട് നടത്തുന്ന സ്ഥലം
വി.ഐ.പി വാഹനങ്ങൾ
ജോർജ്ജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...