ബിജെപി അനുഭാവത്തിൽ ഓർത്തഡോക്സ് സഭയിൽ മെത്രാപൊലീത്തമാർക്കിടെയിൽ ഭിന്നത. കുന്നംകുളം മെത്രാപൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയ്ക്കതിരെ വടക്കുകിഴക്കൻ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കൊളോവോസ്. "അപ്പൊ കീചകനെ കൊന്നത് ഭീമൻ അല്ലെ?" എന്ന് ഓർത്തഡോക്സ് സഭ മെത്രാപൊലീത്ത ഫേസ്ബുക്കിൽ കുറിച്ചു.
ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമനാണെന്ന് പൊതു നിലപാട് ശരിയല്ലെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുടെ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടത്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ് ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിൽ തനിക്കും സഭയ്ക്കും യോജിപ്പില്ലെന്നാണ് മാർ യൂലിയോസ് അഭിപ്രായപ്പെട്ടത്. അതോടൊപ്പം തന്നെ മാർ യൂലിയോസ് ആർഎസ്എസിനെ പിന്തുണയ്ക്കുകയും ചെയ്തു.
എന്നാൽ ഈ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ രംഗത്തെത്തിയത്. വിശ്വാസികൾ അവരവരുടെ രാഷ്ട്രീയ ബോധ്യം അനുസരിച്ച് നിലപാടുകൾ സ്വീകരിച്ചുകൊള്ളണം. അതുപോലെ തനിക്കും തന്റെ രാഷ്ട്രീയ ബോധ്യം അനുസരിച്ചുള്ള നിലപാടുകൾ കാണും. അത് ആരും അംഗീകരിക്കണം എന്നോ പിന്തുടരണം എന്നോ വായിക്കണം എന്നോ തനിക്ക് ഒരു നിര്ബന്ധവും ഇല്ലെന്ന് മാർ നിക്കൊളോവോസ് കൂട്ടിച്ചേർത്തു.
അതേസമയം ഇന്നലെ ചൊവ്വാഴ്ച നടത്തിയ പ്രസ്താവന തന്റെ വ്യക്തപരമായ അഭിപ്രായമാണെന്നും താൻ ഓർത്തഡോക്സ് സഭയുടെ വക്തമാവല്ലെന്നും മാർ യൂലിയോസ് ഇന്ന് ബുധനാഴ്ച രാവിലെ മാധ്യമങ്ങളോടായി പറഞ്ഞു. എന്നാൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ചിലർ രാജ്യത്തെ അപഹസിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുയെന്ന് അവർ പ്രചരിപ്പിക്കുന്നു. ഇന്ത്യ വലിയ ഒരു രാജ്യമാണ്. അതുകൊണ്ട് ചില അസ്വാരസ്യങ്ങൾ ഉണ്ടാകുമെന്ന് മാർ യൂലിയോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...