തിരുവനന്തപുരം: 2021 ലെ എഴുത്തച്ഛന് പുരസ്കാരം (Ezhuthachan Award) നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലയ്ക്ക് (P Valsala). അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി (Sahitya Academi) പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഡോ. ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് (Minister Saji Cheriyan) പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്കി വരുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സല. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്കരിക്കുവാന്‍ വത്സലയ്ക്ക് സാധിച്ചു. മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി വത്സല നമുക്ക് മുന്നിൽ അവതരിപ്പിച്ചു.
ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ആദിവാസികളുടെയും ദൈന്യജീവിതത്തെ സൂക്ഷ്മതയോടെ പകർത്തിയ വത്സല ടീച്ചർ മലയാളഭാഷയിൽ പുതിയ ഭാവനയെയും ഭാവുകത്വത്തെയും തോറ്റിയുണർത്തി. നോവൽരംഗത്തും ചെറുകഥാരംഗത്തും നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തിയാണ് ഈ പരമോന്നത സാഹിത്യബഹുമതി പി. വത്സലയ്ക്ക് സമ്മാനിക്കുന്നതെന്ന് അവാർഡ് നിർണയ കമ്മിറ്റി വ്യക്തമാക്കി.
1938ൽ കോഴിക്കോട് ജനിച്ച പി.വത്സല ദീർഘകാലം അധ്യാപികയായിരുന്നു. പി. വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നെല്ല് ആണ് ആദ്യനോവല്‍. ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, സി. എച്ച്. അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലമുറങ്ങുന്ന വഴികൾ എന്ന കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
Also Read: LPG Price Hike: ദീപാവലിക്കിടയിൽ ഇരുട്ടടി; എൽപിജി ഗ്യാസ് സിലിണ്ടറിൽ വൻ വർധനവ്
ഗൗതമന്, എന്റെ പ്രിയപ്പെട്ട കഥകള്‍, മരച്ചോട്ടിലെ വെയില്ചീളുകള്, മലയാളത്തിന്റെ സുവര്ണകഥകള്, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, പേമ്പി, വിലാപം, പോക്കുവെയില്‍ പൊന്‍വെയില്‍, ആഗ്നേയം, പാളയം, ചാവേർ, ആരും മരിക്കുന്നില്ല, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, തിരക്കിൽ അൽപം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണ്ണിക്കോരൻ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്തമഴ പെയ്യുന്ന താഴ്വര എന്നിവയാണ് പ്രധാന കൃതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...