പാല: പാല നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് മുന്നില്‍ സിപിഎമ്മിന് മുട്ടുമടക്കേണ്ടി വന്നു. സിപിഎം തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പകരം സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ കടുത്ത അതൃപ്തിയെ മറികടന്നാണ് തീരുമാനം.
പാലാ നഗരസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തി ആയിരുന്നു ബിനു പുളിക്കക്കണ്ടം. അതുകൊണ്ട് തന്നെ ബിനുവിന്റെ പേരായിരുന്നു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി സിപിഎം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറായില്ല. ബിനുവിനെതിരെ രൂക്ഷ ആരോപണങ്ങളാണ് കേരള കോണ്‍ഗ്രസ് ഉന്നയിച്ചത്. ബിനുവിന് പകരം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോസിന്‍ ബിനോയുടെ പേരാണ് ഒടുവില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
മുമ്പ് പാലാ നഗരസഭയ്ക്കുള്ളില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദ്ദിച്ചു എന്നതാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെയുള്ള പ്രധാന ആരോപണം. അതുപോലെ തന്നെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പന് അനുകൂല നിലപാട് ആണ് ബിനു സ്വീകരിച്ചത് എന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചു. അതുകൊണ്ട് തന്നെ ബിനുവിനെ അംഗീകരിക്കാന്‍ ആവില്ലെന്നായിരുന്നു നിലപാട്.
ജോസ് കെ മാണിയുടെ വരവോടെയാണ് പാലാ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തത്. ആദ്യത്തെ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും അടുത്ത ഒരുവര്‍ഷം സിപിഎമ്മിനും പിന്നീടുള്ള രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും ചെയര്‍മാന്‍ സ്ഥാനം എന്നതായിരുന്നു മുന്നണിയ്ക്കുള്ളിലെ ധാരണ. അത് പ്രകാരം ഇത്തവണ സിപിഎം പ്രതിനിധി നഗരസഭ ചെയര്‍മാന്‍ ആകേണ്ടതാണ്. ബിനു പുളിക്കക്കണ്ടം ചെയര്‍മാന്‍ ആയിരുന്നെങ്കില്‍, പാലാ നഗരസഭയിലെ ആദ്യ സിപിഎം ചെയര്‍മാന്‍ എന്ന ചരിത്രവും സൃഷ്ടിക്കപ്പെട്ടേനെ.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഒരു ഘട്ടത്തിലും ഉയര്‍ന്നുവന്നിട്ടില്ലാത്ത പേരായിരുന്നു ജോസിന്‍ ബിനോയുടെ പേര്. പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡ് ആയ മുണ്ടുപാലത്തെ പ്രതിനിധിയാണ് ജോസിന്‍. ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഒടുവില്‍ ജോസിന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy