തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി ഇന്നും ആർക്കും കോറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കോറോണ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്.
കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഇന്ന് 61 പേര്‍ രോഗ മുക്തി നേടിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 499 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 95 പേർ ചികിത്സയിലുണ്ടായിരുന്നതിൽ 61 പേരുടെ പരിശോധനാഫലമാണ് ഇപ്പോൾ നെഗറ്റീവ് ആയത്. ഇവര് ഇന്നുതന്നെ ആശുപത്രി വീടും. ഇതോടെ ഇപ്പോൾ ചികിത്സയിൽ ഉള്ളത് വെറും 34 പേർ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 21,724 പേരാണ്. അതിൽ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍ 32,315 എണ്ണവും നെഗറ്റീവ് ആയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also read: വരൻ റെഡ് സോണിൽ നിന്നും, വധു ഗ്രീൻ സോണിൽ നിന്നും, അപ്പോ വിവാഹമോ?
കേരളത്തിൽ രോഗവ്യാപനം പിടിച്ചുനിർത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണെന്നും എന്നാൽ കേരളീയർ ലോകത്തിന്റെ പല ഭാഗങ്ങളിലും കോറോണയുടെ പിടിയിലുമാണെന്നും 80 ല്‍ അധികം മലയാളികളാണ് ഇതുവരെ കോറോണ ബാധിച്ച് മറ്റ് രാജ്യങ്ങളില്‍ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ'മറ്റു സംസ്ഥാനങ്ങളിൽ നിന്നും 1.66.263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോർക്കയില് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ കൂടുതലും കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.