വിദേശ സന്ദര്‍ശനം: മുഖ്യമന്ത്രിയും, മന്ത്രിമാരും ഇന്ന് പുറപ്പെടും

പതിമൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം പുറപ്പെടുന്നത്.  

Last Updated : Nov 22, 2019, 01:34 PM IST
    1. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം എന്നിവ ലക്ഷ്യമാക്കിയാണ് സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കുന്നത്.
വിദേശ സന്ദര്‍ശനം: മുഖ്യമന്ത്രിയും, മന്ത്രിമാരും ഇന്ന് പുറപ്പെടും

തിരുവനന്തപുരം: ജപ്പാനും കൊറിയയും സന്ദര്‍ശിക്കുവാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുറപ്പെടും. 

പതിമൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം ഇന്ന് പുറപ്പെടുന്നത്. മന്ത്രിമാരായ ഇ.പി. ജയരാജനും, എ.കെ ശശീന്ദ്രനും, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും യാത്രാസംഘത്തിലുണ്ട്. 

വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം എന്നിവ ലക്ഷ്യമാക്കിയാണ് സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കുന്നത്.

നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപക സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന്‍ മന്ത്രിമാരുമായും കൂടിക്കാഴ്ചയുണ്ട്. 

മാത്രമല്ല ജപ്പാനിലെ മലയാളി സമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും മുഖ്യന്‍ പങ്കെടുക്കും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്‌മെന്‍റ് പ്രൊമോഷന്‍ ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

മാത്രമല്ല കൊറിയയിലെ ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സുമായി സഹകരിച്ച് കേരളത്തില്‍ നിക്ഷേപിക്കുക എന്ന ബാനറില്‍ സോളില്‍ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ്‌ ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായിട്ടുണ്ട്‌. 

കേരളത്തിന്‍റെ ആയുര്‍വേദം ടൂറിസത്തിന്‍റെ ഭാഗമായി പ്രയോജനപ്പെടുത്താനുള്ള ചര്‍ച്ചകളും നിശ്ചയിച്ചിട്ടുണ്ട്. കൊറിയയുടെ സാംസ്‌കാരിക-സ്പോര്‍ട്സ്-ടൂറിസം മന്ത്രാലയത്തിന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇത്രയധികം പേരുമായി മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തുന്നത് എന്തിനാണെന്നവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

 

Trending News