രാജ്യസഭാ സീറ്റ് നല്‍കാവുന്ന ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് പി.ജെ.കുര്യന്‍

  

Last Updated : Jun 7, 2018, 01:02 PM IST
രാജ്യസഭാ സീറ്റ് നല്‍കാവുന്ന ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് പി.ജെ.കുര്യന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. ഇതോടൊപ്പം ഈ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന്‍ കത്തയച്ചത്.

തനിക്ക് പകരം മറ്റൊരാളെ പരിഗണിക്കുകയാണെങ്കില്‍ അതിനുവേണ്ടിയുള്ള ആറ് നേതാക്കളുടെ പേരുകളും കുര്യന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്‍, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, പാര്‍ട്ടി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എഐസിസി വക്താവ് പിസി ചാക്കോ എന്നിവരെയോ വനിതാ പ്രതിനിധ്യമാണെങ്കില്‍ ഷാനിമോള്‍ ഉസ്മാനെയോ അതല്ല യുവാക്കള്‍ക്ക് ആണ് പരിഗണനയെങ്കില്‍ പി.സി.വിഷ്ണുനാഥിനെയോ പരിഗണിക്കാം എന്നാണ് കുര്യന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

രാജ്യസഭയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി യുവ നേതാക്കളായ ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ തുടങ്ങിയവരാണ് രംഗത്തെത്തിയത്. യുവ നേതൃത്വത്തിന് പിന്തുണയുമായി കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നീ മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു.

അതേസമയം, പി.ജെ കുര്യനെതിരെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമാവാന്‍ സാധ്യത. പാർട്ടി പറഞ്ഞാൽ മാറാൻ തയാറാണെന്ന് പി.ജെ.കുര്യനും പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെന്നാണ് എഐസിസി നിര്‍ദ്ദേശം.

Trending News