വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും: നരേന്ദ്ര മോദി

ജയപരാജയമല്ല ജനക്ഷേമമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.  

Last Updated : Jun 8, 2019, 01:36 PM IST
വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും: നരേന്ദ്ര മോദി

ഗുരുവായൂര്‍:  എല്ലാവര്‍ക്കും ഗുരുവായൂരപ്പന്‍റെ അനുഗ്രഹമുണ്ടാകട്ടെയെന്നു പറഞ്ഞുകൊണ്ടാണ് ബിജെപി സംഘടിപ്പിച്ച അഭിനന്ദന്‍ സഭ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. 
ബിജെപി അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍പിള്ള പോന്നാടയണിയിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 

ഗുരുവായൂരപ്പന്‍റെ ഈ പുണ്യഭൂമിയിൽ എത്തിയത് പുതിയ ഊർജ്ജവും ഉന്മേഷവും നൽകുന്നുവെന്നും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ നിന്ന് ബിജെപി വിജയിച്ചില്ല. പിന്നെന്തിനാണ് മോദി കേരളത്തിൽ നന്ദിപറയാൻ എത്തിയതെന്ന് പലരും അതിശയിക്കുന്നുണ്ടായിരിക്കാമെന്ന് പറഞ്ഞ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ എല്ലാ ജനങ്ങളുടേയും നൻമയും ക്ഷേമവുമാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു. 

ജയപരാജയമല്ല ജനക്ഷേമമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് തനിക്കെങ്ങനെയാണോ അത് പോലെ തന്നെയാണ് കേരളമെന്നും വോട്ട് ചെയ്തവരെ പോലെ തന്നെ വോട്ട് ചെയ്യാത്തവരെയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബിജെപി പ്രവർത്തകർ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരല്ല മറിച്ച് ജനസേവനം തന്നെ ഈശ്വരാരാധനയാണ് എന്ന് കരുതുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടിയുറച്ച വിശ്വാസവും ആധ്യാത്മികവുമാണ് കേരളത്തിന്‍റെ അടിസ്ഥാനം. ആയതിനാൽ പൈതൃക ടൂറിസം വ്യാപിപ്പിക്കും വിധമാണ് കേന്ദ്ര സർക്കാർ ഇതുവരെപ്രവർത്തിച്ചത്. വിനോദസഞ്ചാര മേഖലയിൽ ഭാരതം മൂന്നാം സ്ഥാനത്ത് എത്തി. പ്രസാദ് പദ്ധതി പ്രകാരം 7 പദ്ധതികളാണ് കേരളത്തിൽ അനുവദിച്ചത്. 

ഗുരുവായൂരിലെ ആനകൾ പ്രസിദ്ധമാണ്. ഇവിടെ ഈശ്വരനെ കുറിച്ച് ചിന്തിക്കുമ്പോൾ മൃഗസംരക്ഷണവും കൂടെ ചിന്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിപാ വൈറസ് പടരുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനായുള്ള എല്ലാ സഹായസഹകരണങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending News