കോഴിക്കോട്: കോഴിക്കോട് നടക്കുന്ന വനിതാ ചലച്ചിത്ര മേളയിൽ നിന്ന് സംവിധായിക വിധു വിൻസെന്റ് സിനിമ പിൻവലിച്ചു. സംവിധായിക കുഞ്ഞിലാ മസിലാമണിക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം. കുഞ്ഞില ഉണർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് വിധു വിൻസെന്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സംവിധായക കുഞ്ഞില മസിലാമണിയെ വനിത ഫിലിം ഫെസ്റ്റിവൽ വേദിയിൽ നിന്നും അറസ്റ്റ് ചെയ്തു നീക്കിയതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ചലച്ചിത്ര മേളയിൽ നിന്നും തന്റെ ചിത്രം പിൻവലിക്കുന്നതായി സംവിധായിക വിന്റു വിൻസെന്റ് അറിയിച്ചത്.
ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് തന്റെ ചിത്രം "വൈറൽ സെബി " വനിതാ ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കുകയാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വിധു വിൻസെന്റ് ഫേസ്ബുക്കിൽ കുറിച്ചു.
വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെ ആയാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെയുടെയും ആസ്വാദകരുടെയും അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകൾ നടത്തിയിട്ടുള്ളത്.
കുഞ്ഞിലയെ പോലെ ഒരു വനിതാസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തിൽ താൻ കുഞ്ഞിലക്ക് ഒപ്പം നില്ക്കാൻ ആഗ്രഹിക്കുന്നുവെന്നും വിധുവിൻസെന്റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് മേളയുടെ ഉദ്ഘാടന വേദിയിൽ കുഞ്ഞില പ്രതിഷേധവുമായി എത്തിയത്. എന്നാൽ പൊലീസ് വേദിയിൽ നിന്നും കുഞ്ഞിലയെ നീക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും കെകെ രമയ്ക്ക് അനുകൂലമായും കുഞ്ഞില മുദ്രാവാക്യം മുഴക്കുകയായിരുന്നു തുടർന്നാണ് യുവസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...