സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ച് വെള്ളമുണ്ട പൊലീസ്.
പരാതികൾ വാസ്തവവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതുമാണ് എന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. പോലീസ് ഇക്കാര്യം രേഖാമൂലം ലൂസി കളപ്പുരയെ അറിയിച്ചു.
മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും പോലീസ് അറിയിപ്പിൽ പറയുന്നു. അതേസമയം, ഇതിനെതിര നിയമപരമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
മാധ്യമ പ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും ലൂസി കളപ്പുര പരാതി നല്‍കിയിരുന്നു.
കേസുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെളളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു.
എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സിസ്റ്റർ ലൂസിക്ക് വേണമെങ്കിൽ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മഠം അതികൃതർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു.