തിരുവനന്തപുരം: പോലീസിൽ നിലവിലുള്ള വനിത സ്വയം പ്രതിരോധ പരിശീലന സംവിധാനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനിൽകാന്ത്. സ്ത്രീസുരക്ഷ, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്ക് സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കുന്നുണ്ട്. ഇത്തരം സുരക്ഷാ പരിശീലന പദ്ധതികൾ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും നടപ്പിലാക്കേണ്ടത് പോലീസിന്‍റെ ഉത്തരവാദിത്തമാണെന്നും ഡിജിപി ഓർമ്മിപ്പിച്ചു. മേനംകുളത്തെ വനിതാ ബറ്റാലിയന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന ശില്‍പ്പശാലയിൽ സംസാരിക്കുകയായിരുന്നു അനിൽകാന്ത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി മാസ്റ്റര്‍ ട്രെയിനര്‍മാരായ 80 ഓളം വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് മൂന്ന് ദിവസത്തെ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. സ്വയം പ്രതിരോധ പരിശീലനത്തിന്‍റെ നിലവിലുള്ള പാഠ്യപദ്ധതിക്കൊപ്പം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയുളള ക്ലാസുകളും ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
സ്വയം പ്രതിരോധ പരിശീലനത്തിന് പുറമേ സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സൈബര്‍ ലോകത്തെ സ്ത്രീ സുരക്ഷ, സ്വയം പ്രതിരോധത്തിന്‍റെ മന:ശാസ്ത്രപരമായ വശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയാണ് പോലീസ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം നേടുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ജില്ലകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.
അതേസമയം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അവരെ പ്രാപ്തരാക്കുകയാണ് പോലീസിന്‍റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു. അക്രമിയെ കീഴ്പ്പെടുത്തുകയല്ല മറിച്ച് അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള പരിശീലനമാണ് വനിതാ പോലീസുകാര്‍ക്ക് നല്‍കുന്നത്.
മാത്രമല്ല, ആയുധമില്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് പരിശീലനത്തിലൂടെ സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനോടകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പരിശീലനം ആവശ്യമുള്ളവർക്ക് nodalofficer.wsdt.phq@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന പൊലീസ് മീഡിയ വിഭാഗം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...