തിരുവനന്തപുരത്ത് മൂന്ന് മാസം മുമ്പ് മരിച്ച പൊഴിയൂർ സ്വദേശി ജോണിന്‍റെ മൃതദേഹം സെമിത്തേരിയിൽ നിന്നും പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്‍മോർട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.
ജോണിന്‍റെ മരണകാരണത്തിൽ ദുരൂഹതയുണ്ടെന്നും ഹൃദയാഘാതമെന്ന ഭാര്യയുടെ ആദ്യവാദം തള്ളി അച്ഛനും സഹോദരിയും മരണത്തിൽ പന്തികേടുണ്ടെന്ന പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോൺ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്‍റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്തു.
Also Read: "ഐ മിസ് യൂ ഡാ പൊറോട്ട", വൈറലായി പൊറോട്ട പാട്ട്
എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്ന് ജോണിന്‍റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു.
എന്നാൽ കടബാധ്യത കാരണം ജോൺ ആത്മഹത്യാ ചെയ്യുകയായിരുന്നെന്നും, ഇത് പറഞ്ഞാൽ പള്ളിയിൽ അടക്കം ചെയ്യില്ലെന്നതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നാണ് ഭാര്യയുടെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ശ്രമിക്കുന്നത്.