ഇടുക്കി: കോടതിയിൽ നിന്ന് അരിക്കൊബനെ പിടികൂടാൻ അനുകൂല വിധി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. ചിന്നക്കനാൽ മേഖലയിൽ എറെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ അനുകൂല വിധി ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ.
എന്നാൽ, വിധി അനുകൂലമല്ലാതായതോടെ ചിന്നക്കനാൽ, സിംഗുകണ്ടം. പൂപ്പാറ, പെരിയാകനാൽ മേഖലയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പെരിയാകനാലിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. അരിക്കൊമ്പനെ പിടികൂടാൻ അനുകൂല വിധി ഉണ്ടാകുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. മിഷൻ അരിക്കൊമ്പൻ നടത്താൻ സാധിക്കില്ലെന്ന ഹൈക്കോടതിയുടെ വിദഗ്ധ സമിതി തീരുമാനത്തെ അംഗീകരിക്കാനാകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് (വ്യാഴാഴ്ച) ജനകീയ ഹർത്താൽ നടത്തുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അതേസമയം, വനം വകുപ്പിനെതിരെയും നാട്ടുകാർ രംഗത്തെത്തി. വനം വകുപ്പ് കോടതിയെ തെറ്റിധരിപ്പിച്ചെന്നും വിഷയത്തിൽ വകുപ്പ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. തങ്ങൾ പിരിഞ്ഞ് പോകാൻ നേരം പോലീസിനെ എത്തിച്ച് പ്രദേശത്ത് സംഘർഷാവസ്ഥയാണെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലയെന്നും നാട്ടുകാർ പറഞ്ഞു.
ആനയെ പിടികൂടുന്നതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകില്ലെന്നും അരിക്കൊമ്പനെ പിടികൂടുന്നത് ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നുമാണ് കോടതിയുടെ നിലപാട്. പകരം ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് അതിന്റെ സഞ്ചാരപഥം മനസ്സിലാക്കി അവിടെയുള്ള കോളനികൾ ഒഴിപ്പിച്ചാൽ മതിയെന്നാണ് കോടതിയുടെ നിർദേശം. 301 കോളനികളാണ് ആനയുടെ സഞ്ചാരപഥത്തിലുള്ളത്.
എന്നാൽ 301 കോളനികൾ ഒഴിപ്പിച്ചാൽ തീരുന്ന പ്രശ്നമല്ല ഇതെന്നും തങ്ങളുടെ ജീവന്റെ വിഷയമാണെന്നുമാണ് നാട്ടുകാർ കോടതിയുടെ നിലപാടിനെതിരെ പ്രതികരിക്കുന്നത്. തങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിയാണെന്ന് നാട്ടുകാർ പറയുന്നു. 46 മനുഷ്യജീവനുകൾ നഷ്ടമായിട്ടും മനുഷ്യന്റെ ജീവനും സ്വത്തിനും പരിഗണന നൽകാതെ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...