മലപ്പുറം: ക്ലാസ് മുറിയിൽ പഠനം മാത്രമല്ല അൽപം എന്റർടെയ്ൻമെന്റും ആകാം...അതെങ്ങനെയെന്ന് കാണിച്ചു തരികയാണ് മഞ്ചേരി തുറക്കല്‍ എച്ച്എംഎസ്എ യുപി സ്‌കൂളിലെ ഒരു അധ്യാപികയും വിദ്യാർഥികളും. പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനമാലപിച്ച് കൊണ്ടാണ് ഈ അഞ്ചാം ക്ലാസ് വിദ്യാർഥികളും സുമയ്യ സുമം എന്ന അവരുടെ അധ്യാപികയും വൈറലാകുന്നത്.
വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു സുമയ്യ. അതിനിടെ വിദ്യാര്‍ഥികള്‍ പറഞ്ഞ പോയിന്റുകള്‍ ബോര്‍ഡില്‍ എഴുതാൻ തിരിഞ്ഞപ്പോളാണ് മിന്‍ഹാന്‍ എന്ന വിദ്യാര്‍ഥിയുടെ മൂളിപ്പാട്ട് കേട്ടത്. ആരാ പാടിയതെന്ന് അന്വേഷിച്ചപ്പോള്‍ വന്നു മറുപടി. ടീച്ചറേ കലാവാസനയുള്ള വിദ്യാര്‍ഥികളെ തളര്‍ത്തരുത്... തുടർന്ന് മറ്റ് കുട്ടികളിൽ നിന്നും എത്തി രസകരമായ മറുപടികൾ. ഇതോടെയാണ് സുമയ്യ എല്ലാവര്‍ക്കും പാടാന്‍ അവസരം നല്‍കിയത്.
പിന്നെ വിദ്യാർഥികൾ തകർത്ത് പാടാൻ തുടങ്ങി. പുഷ്പയിലെ ഏറ്റവും ഹിറ്റായ ശ്രീവല്ലി എന്ന ഗാനം ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് വിദ്യാർത്ഥികൾ പാടിയത്. രസകരകരമായ സംഭവങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള സുമയ്യ കുട്ടികളുടെ ഗാനവും പങ്കുവെച്ചതോടെ അപ്രതീക്ഷിതമായി വിഡിയോ തരംഗമായി മാറി.
ക്ലാസിൽ ഇരുന്ന് പാട്ട് പാടിയതിന് വിമർശനങ്ങൾ വന്നെങ്കിലും ഇങ്ങനെ വ്യത്യസ്തമായി ക്ലാസെടുത്തതിനെ പിന്തുണച്ച് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്. നിരന്തരമായി ക്ലാസ് കേള്‍ക്കുന്ന കുട്ടികളുടെ വിരസതയ്ക്കിടെ അവർക്ക് സന്തോഷം പകരാനായതിന്റെ സംതൃപ്തിയിലാണ് അധ്യാപികയായ സുമയ്യ സുമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...