കൊച്ചി: ട്വൻറി 20 കോഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ. ഇടത്പക്ഷം തന്റെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് അത് ആലോചിക്കണമെന്നും അതിൽ തെറ്റ് പറ്റിയെങ്കിൽ മാപ്പുപറയണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎൽഎ കൂടിയായ പി വി ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായി. പിന്നാലെ പോസ്റ്റിനു മറുപടിയുമായി സാബു എം ജേക്കബ് രംഗത്ത് എത്തി.
കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. മെയ് 31 ന് ശേഷം മാപ്പ് വേണമെങ്കിൽ തരാമെന്നും സാബു ജേക്കബ് വ്യക്തമാക്കി.
സംഭവം വിവാദമായതോടെ പി വി ശ്രീനിജൻ പോസ്റ്റ് പിൻവലിച്ചു. ഇരുവരും തമ്മിൽ നേരത്തെയും പലതവണ വാക്പോരിൽ ഏർപ്പെട്ടിട്ടുണ്ട്. കിറ്റക്സിലെ
പരിശോധനകൾക്ക് പിന്നിൽ ശ്രീനിജൻ ആണെന്നും ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി പറഞ്ഞിരുന്നു
സിപിഐ എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശ്രീജൻ പോസ്റ്റ് പിൻവലിച്ചത്. നിർണായകമായ സാഹചര്യത്തിൽ ശ്രീനിജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗുണകരമല്ലന്നാണ് സിപിഐഎം വിലയിരുത്തൽ. ട്വന്റി ട്വന്റി മത്സരിക്കാത്ത സാഹചര്യത്തിൽ ആ വോട്ടുകൾ നേടാനുള്ള പ്രചരണ പരിപാടികളാണ് എൽഡിഎഫും ആസൂത്രണം ചെയ്തിരിക്കുന്നത്.
അതേസമയം പിവി ശ്രീനിജൻ എംഎൽഎയെ തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി..ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടി നിലപാടെന്നും ട്വന്റി ട്വന്റി വോട്ട് ഇടതു പക്ഷത്തിന് ലഭിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...