ഇ-മൊബിലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതി, ആരോപണവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്

Last Updated : Jun 28, 2020, 04:51 PM IST
ഇ-മൊബിലിറ്റി പദ്ധതിയിൽ ഗുരുതര അഴിമതി, ആരോപണവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനസർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ ഇമൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. 4500 കോടി രൂപയുടെ ഇമൊബിലിറ്റി പദ്ധതിയിലാണ് അഴിമതി ഉന്നയിച്ചത്.

4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന പദ്ധതിയാണിത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ എന്ന കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. നിരവധി പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയാണിത്. ഒമ്പത് കേസുകള്‍ ഈ കമ്പനി നേരിടുന്നുണ്ട്. സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഇത്തരമൊരു കമ്പനിക്ക് കരാര്‍ നല്‍കിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്താണ് 2019 ഓഗസ്റ്റ് 17ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ തീരുമാനമെടുത്തത്. ചട്ടങ്ങളൊന്നും പാലിക്കാതെ, ടെണ്ടര്‍ വിളിക്കാതെയാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാനുവല്‍ പരിപാലിക്കപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Also Read: 'കോവിഡ് വ്യാപനം രൂക്ഷം', മഹാരാഷ്ട്രയിൽ ജൂൺ 30ന് ലോക്ക്ഡൗൺ പിൻവലിക്കില്ല !!!

മുഖ്യമന്ത്രിയും കമ്പനിയും തമ്മിലുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണം. ഇടപാട് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അറിഞ്ഞിരുന്നോ എന്നും സെബിയുടെ നിരോധനം നിലനില്‍ക്കുന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു. കണ്‍സള്‍ട്ടന്‍സി അടിയന്തിരമായി റദ്ദ് ചെയ്ത്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാൽ സംഭവത്തിൽ മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി രംഗത്തെത്തി. 'ആർക്കെങ്കിലും ഏതെങ്കിലും കരാർ പ്രത്യേകമായി നൽകാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടില്ല. കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടിട്ടുമില്ല. ചെന്നിത്തല ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫയൽ നോക്കിയാലേ പറയാനാവൂ. ഇ മൊബിലിറ്റി പദ്ധതി സർക്കാർ അംഗീകരിച്ചതാണ്. ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസിലായില്ല' എകെ ശശീന്ദ്രൻ പറഞ്ഞു.

Trending News