എസ്.പിയ്ക്ക് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നില്‍: കെ.സുരേന്ദ്രന്‍

ഹരിശങ്കറിന്‍റെ അച്ഛന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയില്‍ ആചാരലംഘനം നടത്തിയെന്ന് കാണിച്ച് താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

Updated: Dec 3, 2018, 01:18 PM IST
എസ്.പിയ്ക്ക് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നില്‍: കെ.സുരേന്ദ്രന്‍

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനെത്തിയ 52 കാരിയെ ആക്രമിച്ച കേസില്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് എസ്.പി ഹരിശങ്കറിന് തന്നോടുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

അറസ്റ്റ് നിയമവിരുദ്ധമാണ്. തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ല. പരാതിക്കാരന്‍ ഉന്നയിച്ച വധശ്രമവും ഗൂഢാലോചനയും നിലനില്‍ക്കില്ലെന്നും സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു. 

താന്‍ അറസ്റ്റിലായി 17 ദിവസം പിന്നിടുന്നു. ഹരിശങ്കറിന്‍റെ അച്ഛന്‍ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പതിനെട്ടാം പടിയില്‍ ആചാരലംഘനം നടത്തിയെന്ന് കാണിച്ച് താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു കൊണ്ടാണ് ഹരിശങ്കറിന്‍റെ നേതൃത്വത്തില്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും സുരേന്ദ്രന്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.