ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.
പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന്‍ ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്.
തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നടയടച്ചപ്പോള്‍ശ്രീധര്‍മ്മ ശാസ്താവിനു ദേവഗണങ്ങളുടെ കാണിക്കയായി കിഴക്കേചക്രവാളത്തില്‍ ഉത്രം നക്ഷത്രമുദിച്ചു.
പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ തെളിഞ്ഞ മകരജ്യോതിസ് തൃപ്രസാദമായി ഏറ്റു വാങ്ങാന്‍ ലക്ഷക്കണക്കിന് കൂപ്പുകൈകള്‍ ആകാശത്തേക്കുയര്‍ന്നു. സന്നിധാനത്തിനു പുറമേ, പുല്ലുമേട്, പാണ്ടിത്താവളം, മരക്കൂട്ടം, പമ്പ തുടങ്ങി വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശിക്കുന്നതിനായി പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
ഭക്തജന പ്രവാഹം കണക്കിലെടുത്ത് ഇന്ന് രാവിലെ 11 മുതല്‍ തന്നെ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ മല കയറുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു. മകരജ്യോതി ദര്‍ശനത്തിനു ശേഷം സന്നിധാനം, മാളികപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയിരിക്കുന്ന തീര്‍ഥാടകര്‍ എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങള്‍ എത്തിച്ചത്. ആദ്യത്തെ പെട്ടിയില്‍ തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, ആന, കടുവ, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാല, എറുക്കും പൂമാല, കഞ്ചമ്പരം എന്നിവയാണുള്ളത്.
രണ്ടാമത്തെ പെട്ടിയില്‍ കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങള്‍ എന്നിവയാണുള്ളത്. മൂന്നാമത്തെ പെട്ടിയില്‍ കൊടിപ്പെട്ടി, നെറ്റിപ്പട്ടം, ജീവത, കൊടികള്‍, മെഴുവട്ടക്കുട എന്നിവയാണുള്ളത്. ഇവ രണ്ടും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ളവയാണ്.
ശ്രീകോവിലിനു മുന്നില്‍ തന്ത്രി മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ എത്തിച്ച് തിരുവാഭരണം ചാര്‍ത്ത ദീപാരാധന നടത്തി. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞത്.
പന്തളത്തുനിന്ന് തിരുവാഭരണത്തിനൊപ്പമെത്തിയ അയ്യപ്പന്മാരെയാണ് ദീപാരാധനയ്ക്ക് ശേഷം ആദ്യം സന്നിധാനത്തേക്ക് കടത്തിവിട്ടത്. ഇതിന് ശേഷ൦ മറ്റുള്ളവരെ കടത്തിവിടും.
ശബരിമലയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പന്‍ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിലെ ധര്‍മ ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്. ഇത്രത്തോളം പ്രാധാന്യമാണ് മകരസംക്രമ ദിനത്തില്‍ ശബരിമലയ്ക്കുള്ളത്.