നടിയെ ആക്രമിച്ച കേസ്: വിചാരണ സ്റ്റേ ചെയ്ത് സുപ്രീം കോടതി

മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം ജൂലൈ മൂന്നാം വാരം സുപ്രീം കോടതി പരിഗണിക്കും. 

Last Updated : May 3, 2019, 03:10 PM IST
നടിയെ ആക്രമിച്ച കേസ്: വിചാരണ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രേഖയാണോ തോണ്ടി മുതലാണോ എന്ന കാര്യത്തില്‍ വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം ജൂലൈ മൂന്നാം വാരം സുപ്രീം കോടതി പരിഗണിക്കും. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്ന് വാക്കാല്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം കോടതിയെ ബോധിപ്പിച്ചിരുന്നില്ല. 

വിഷയത്തില്‍ കൃത്യമായ നിലപാട് ഇന്ന് തന്നെ അറിയിക്കണമെന്ന് കോടതി ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞിരുന്നുവെങ്കിലും ഇന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തമായ നിലപാട് സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് കേസ് ജൂലൈ മാസത്തിലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചത്.  ജൂലൈ മാസം കേസില്‍ വാദം കേള്‍ക്കുമ്പോള്‍ മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ ഒരു വ്യക്തത വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Trending News