Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്

യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2024, 12:55 PM IST
  • സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോൾ രഞ്ജിത്ത് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവ് പരാതി നൽകിയത്.
  • 2012ൽ ബെംഗളൂരുവിൽ വച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം.
Ranjith Balakrishnan: ലൈംഗികാതിക്രമ കുറ്റം ചുമത്തി; യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗാളി നടിയുടെ പരാതിയിൽ നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. 

സിനിമയിൽ അവസരം ചോദിച്ചെത്തിയപ്പോൾ രഞ്ജിത്ത് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവ് പരാതി നൽകിയത്. 2012ൽ ബെംഗളൂരുവിൽ വച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.

Also Read: Hema Committee Report: ഇടപ്പെട്ട് വനിത കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ നൽകണം

 

കോഴിക്കോട് സിനിമാ ഷൂട്ടിങിനിടെയാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അവസരം തേടി ഹോട്ടൽ റൂമിലെത്തിയപ്പോൾ ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്ന് യുവാവ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ബെംഗളൂരു താജ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ നി‍ർദ്ദേശിച്ചു. തുടർന്ന് മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിക്കുകയും വിവസ്ത്രനാക്കി പീഡിപ്പിച്ചുവെന്നുമാണ് യുവാവിന്റെ ആരോപണം.

Trending News