തിരുവനന്തപുരം: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ സംഘടനകളുടെ പ്രതിഷേധം ശക്തം. മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലേക്ക് പ്രതിഷേധക്കാർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊല്ലത്തും പത്തനംതിട്ടയിലും പ്രതിഷേധം സംഘർഷത്തിലേക്കെത്തി.
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത കോൺഗ്രസ് മേഖലാ കൺവൻഷനിലേക്കാണ് പ്രതിഷേധക്കാർ ഇരച്ചെത്തിയത്. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ മുദ്രാവാക്യം വിളികളും ആക്രോശവും ഉണ്ടായി. പോലീസെത്തി പ്രതിഷേധക്കാരെ പിരിച്ചുവിട്ടെങ്കിലും വീണ്ടും സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ALSO READ: SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി
ചവറയിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ എൻകെ പ്രേമചന്ദ്രൻ എംപിയുടെ വാഹനം ആക്രമിച്ചതായി പരാതി ഉയർന്നു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പത്തനംതിട്ടയിലും പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇടുക്കി പൈനാവ് സർക്കാർ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി ധീരജാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ധീരജ്. കൊലയ്ക്ക് പിന്നിൽ കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഭവത്തിൽ നിഖിൽ പൈലി ഉൾപ്പെടെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...