കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനം; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനുറച്ച് തരൂര്‍

ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കേണ്ടത്, ആര് എതിരാളി ആയാലും

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 12:04 PM IST
  • അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കി ശശി തരൂര്‍
  • താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്
  • ആത്മവിശ്വാസത്തോടെയാണ് മത്സരിക്കേണ്ടത്, ആര് എതിരാളി ആയാലും
കേരളത്തില്‍ ചിലരുടെ പിന്തുണ നൂറുശതമാനം; അധ്യക്ഷ സ്ഥാനത്തേക്ക്  മത്സരത്തിനുറച്ച് തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കി ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്‍ത്ഥിയാകുകയുള്ളൂവെന്നും അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.  പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. 

ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കേണ്ടത്, ആര് എതിരാളി ആയാലും. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാര്‍ട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ എന്നും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു.  മുപ്പതാം തീയതിയോടെ നാമനിര്‍ദേശപത്രിക ഫയല്‍ ചെയ്യാമെന്നാണ് കരുതുന്നത്. മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടാകണം എന്നായിരുന്നു മറുപടി. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ, മുപ്പതാം തീയതി വീണ്ടും സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി. 

മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബം  തന്നോട് പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. മത്സരത്തെ ഗാന്ധി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. റിബല്‍ സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷന്‍ പേപ്പര്‍ കാണുമ്പോള്‍ തന്റെ പിന്തുണ കാണാന്‍ സാധിക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി. അല്ലെങ്കില്‍ താന്‍ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ കിട്ടുമ്പോഴേ താന്‍ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകള്‍ വിളിച്ച് തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി. 

കേരളത്തില്‍ നിശ്ചയമായും പലരും പിന്തുണ തരും, ചിലര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അത് വിഷയമല്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ അവകാശമുണ്ട്. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.  അതേസമയം, ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. രാജസ്ഥാനിൽ കാര്യങ്ങൾ വഷളാക്കിയ ഗെലോട്ടിനെ പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു. രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News