കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനത്തിന്റെ പേരിൽ വിവാദം ശക്തമാകുതന്നു. യെച്ചൂരി സഞ്ചരിച്ച വാഹനം ക്രമിനൽ കേസ് പ്രതിയുടെതാണെന്ന ആരോപണവുമായി ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് രംഗത്ത് എത്തിയതോടെ വിവാദം കനത്തത്. എസ്.ഡി.പി.ഐ ബന്ധമുള്ള ക്രമിനൽ കേസ് പ്രതിയുടെതാണ് വാഹനമെന്നാണ് ഹരിദാസ് ആരോപിക്കുന്നത്.
ഇരിങ്ങല്ലൂർ സ്വദേശിയായ സിദ്ദിഖിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഫൊർച്ച്യൂണറാണ് സീതാറാം യെച്ചൂരി ഉപയോഗിച്ചത്. KL10 AB 5000 എന്ന നമ്പറിലുളളതാണ് ഈ കാർ. വാഹന ഉടമയായ സിദ്ദിഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സിപിഎമ്മും എസ്.ഡി.പിഐ യും തമ്മിലുള്ള കെടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവമെന്നും ബിജെപി കണ്ണൂർ ജില്ല അധ്യക്ഷൻ ആരോപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വഴിയാണ് ക്രിമിനൽ കേസ് പ്രതിയുടെ വാഹനം ഏർപ്പാടാക്കിയതെന്നും ഹരിദാസ് പറഞ്ഞു.
ALSO READ : EP Jayarajan : ഇപി ജയരാജൻ LDF കൺവീനർ; എ വിജയരാഘവന് പിബിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ നേതൃമാറ്റം
ബിജെപിയുടെ ആരോപണം പൂർണമായും തള്ളുകയാണ് സിപിഎം. പാർട്ടി കോൺഗ്രസ് വൻ വിജയമായതിന്റെ പേരിൽ ബിജെപി അപവാദ പ്രചരണം നടത്തുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിവാദത്തിൽ പ്രതികരിച്ചു. വിമാനത്താവളത്തിലെ ട്രാവൽ ഏജൻസി നടത്തുന്ന കാലിക്കറ്റ് ടൂർസ് ആന്റ് ട്രാവൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വാഹനം വാടകയ്ക്കെടുത്തത്. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അകമ്പടി വാഹനമായും ഈ കാർ ഉപയോഗിച്ചിട്ടുണ്ടെന്ന് ചിത്രം ഉയർത്തികാട്ടികൊണ്ട് എം.വി ജയരാജൻ പറഞ്ഞു. നിരവധി തവണ സൈനിക ഉദ്യാഗസ്ഥരും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും ജ വ്യക്തമാക്കി.
ബിജെപിയുടെ ആരോപണം തള്ളി കാറുടമയും രംഗത്ത് എത്തി. ഒരു സുഹൃത്തിന് വാടകയ്ക്ക് നൽകിയ വാഹനമാണ് സീതാറാം യെച്ചൂരി ഉപയോഗിച്ചതെന്നും പാർട്ടി കോൺഗ്രസിന്റെ ആവശ്യങ്ങൾക്കല്ല വാഹനം നൽകിയതെന്നും സിദ്ദിഖ് പറഞ്ഞു. എസ്.ഡിപി.ഐ യുമായി ബന്ധമില്ലെന്നും താനൊരു സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.