കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കുന്നു. റൂറൽ എസ്പി ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ വിളികളാണ് പരിശോധിക്കുന്നത്.
വിവരങ്ങള്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മൊബൈൽ കമ്പനികൾക്ക് അന്വേഷണ സംഘം കത്ത് നൽകി. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപും ശേഷമുള്ള വിവരങ്ങളും അറിയാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത പൊലീസുകാരുടെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും ഫോണ്‍ വിളികൾ പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തുടക്കം മുതലേ വൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ. വി ജോര്‍ജ്ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) പിരിച്ചുവിട്ടിരുന്നു. ആര്‍ടിഎഫിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.