തിരുവനന്തപുരം: കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയില്‍ ചികിത്സക്കായി തുടരുന്ന സാഹചര്യത്തില്‍ പൊലീസിന്‍റെ ഇടപെടല്‍.
ശ്രീറാമിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ ശ്രീറാമിന്‍റെ നട്ടെല്ലിന് പരിക്കുണ്ടെന്നും തുടര്‍ചികിത്സ ആവശ്യമാണെന്നും കിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും അതിനനുസരിച്ചാണ് അവിടെ തുടരാന്‍ അനുവദിക്കുന്നതെന്നുമായിരുന്നു പൊലീസില്‍ നിന്നുള്ള അനൗദ്യോഗിക വിശദീകരണം.
എന്നാല്‍, റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്‍റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരു വഴിയും കാണാതെ പൊലീസ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചിരിയ്ക്കുകയാണ്.
പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധം ആരംഭിച്ചപ്പോള്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നുമാണ് സൂചന.
ഇതോടെ, ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ സെല്ലിലേക്ക് മാറ്റുകയാണ് എന്നു കാണിച്ച് കിംസ് അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. ആഡംബര ചികിത്സയ്ക്ക്ശേഷം ഇനി ഇവിടാവും ശ്രീറാമിന്‍റെ ചികിത്സ.
കേസില്‍ റിമാന്‍ഡിലായ ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും എന്നാണ് സൂചന. ഇന്ന് ഞായറാഴ്ചയായതിനാലാണ് ഇതിലെ നടപടികള്‍ നീളുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
കേസുകളിലെ കുറ്റക്കാരന്‍ എത്ര ഉന്നതനായാലും ഏത് പദവിയിലിരിക്കുന്നയാളായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.