കണ്ണൂർ: സംസ്ഥാനത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കണ്ണൂരിൽ രണ്ടിടത്ത് കുട്ടികളെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിന് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായി. ഷക്കീലയുടെ മകൾ ആയിഷക്ക് നേരെയാണ് നായക്കൂട്ടം പാഞ്ഞടുത്തത്. മട്ടന്നൂർ നീർവേലിയിലാണ് സംഭവമുണ്ടായത്. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയാണ് കുഞ്ഞിനെ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. മൂന്നര വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ALSO READ: തെരുവ് നായ നിർമാർജ്ജനത്തിന് വ്യക്തമായ പദ്ധതി വേണം
കണ്ണൂർ പുഴാതി ജിം റോഡിലെ യുകെജി വിദ്യാർത്ഥി എ.പി ഇല്യാസിന് നേരെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവായ കെ സി റഫ്സീന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഇല്യാസ് തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ കണ്ണൂർ മട്ടന്നൂരിലും സമാനമായ സംഭവം ഉണ്ടായി.
തെരുവ് നായയുടെ ആക്രമണത്തിൽ കണ്ണൂരിൽ ഒരു കുട്ടി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയിൽ കുട്ടികളെ ലക്ഷ്യമിട്ട് തെരുവ് നായകൾ ആക്രമണം നടത്തുന്നത്. നിഹാൽ എന്ന കുട്ടിയ്ക്കാണ് തെരുവ് നായ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇത് പ്രദേശത്തെ മറ്റ് കുട്ടികളിൽ വലിയ രീതിയിൽ ഭയമുണ്ടാക്കിയിട്ടുണ്ട്.
കണ്ണൂരിന് പുറമെ, തൃശൂരിലും തെരുവ് നായകളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ 16കാരനായ എൻ ഫിനോവിനാണ് പരിക്കേറ്റത്. സൈക്കിളിൽ നിന്ന് വീണ ഫിനോവിന്റെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. ഫിനോവിന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...