കൊല്ലം: സ്കൂളിലെ തലതെറിച്ച അധ്യാപകനെക്കൊണ്ട് പൊറുതിമുട്ടിയ കുട്ടികൾ പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിച്ചു. ക്ലാസിലിരുന്ന് ഉറങ്ങുന്നതും സംശയം ചോദിച്ചാൽ തെറിവിളിക്കുന്നതുമൊക്കെയാണ് അധ്യാപകൻറെ ശീലങ്ങളെന്നാണ് കുട്ടികളുടെ പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ നടപടിയെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
കൊല്ലം കരുനാഗപ്പളളി വിദ്യാഭ്യാസ ഉപജില്ലയിലെ ചങ്ങൻകുളങ്ങര എസ് ആർ വി യു പി സ്കൂളിലെ ഹിന്ദി അധ്യാപകൻ വി എൻ കൃഷ്ണൻ പോറ്റിക്കെതിരെയാണ് നടപടി. സ്കൂളിലെ 31 കുട്ടികൾ നൽകിയ പരാതിയിലാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. യുപി സ്കൂളിലെ ഹിന്ദി അധ്യാപകൻ വി എൻ കൃഷ്ണൻ പോറ്റിയെ പറ്റി കുട്ടികൾ നൽകിയ പരാതികൾ ഇങ്ങനെ -
ക്ലാസിൽ വന്നാൽ പഠിപ്പിക്കില്ല. ആരോടെങ്കിലും ഫോണിൽ സംസാരിച്ച് സമയം തീർക്കും. അല്ലെങ്കിൽ ഡസ്കിനു മുകളിൽ കാൽ കയറ്റിവച്ചിരുന്ന് ഉറങ്ങും. ഒരിക്കൽ ഒരു വിദ്യാർത്ഥിക്കു നേരെ കസേര എടുത്തെറിഞ്ഞു, തെറിയും വിളിച്ചു. മറ്റൊരു വിദ്യാർത്ഥിയുടെ കോളറിൽ കുത്തിപ്പിടിച്ച് ഭിത്തിയോടു ചേർത്തു. പരീക്ഷാ സമയത്തു പോലും ഒന്നും പഠിപ്പിക്കില്ല. കുട്ടികൾ മറ്റ് അധ്യാപകരോട് സംശയം ചോദിച്ചാൽ ഹിന്ദി മാഷിന് ദേഷ്യം വരും. ഏഴാം ക്ലാസിലെ പല കുട്ടികൾക്കും ഹിന്ദി അക്ഷരങ്ങൾ പോലും അറിയില്ല.
ALSO READ: പതിനായിരം രൂപ കൈക്കൂലി; കോട്ടയത്ത് ഇലക്ട്രിക്കൽ ഇൻസ്പെക്ട്ർ വിജിലൻസ് പിടിയിൽ
ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൻറെ റിപ്പേർട്ടിൽ പറയുന്നത് ഇങ്ങനെ -
കുട്ടികളുടെ പരാതിയിൽ കഴമ്പുണ്ട്. ടിയാൻറെ പെരുമാറ്റവും സംഭാഷണ രീതിയും അധ്യാപകന് നിരക്കാത്തതാണ്. ക്ലാസ് സമയത്ത് ഒഴിവുളള ഏതെങ്കിലും ക്ലാസിൽ പോയിക്കിടന്ന് ഉറങ്ങും. കാലുകൾ മേശപ്പുറത്തു കയറ്റിവെച്ച് ചാരിക്കിടന്നുറക്കവും പതിവ്. കുട്ടികൾ സംശയം ചോദിച്ചാൽ ദേഷ്യപ്പെടും. ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ ഗുരുതര പിഴവ്. ചോദ്യ പേപ്പർ അതുപോലെ ഉത്തരക്കടലാസിലേക്ക് പകർത്തിവെച്ച കുട്ടിക്ക് ഇദ്ദേഹം നൽകിയത് എ ഗ്രേഡും നന്നായി ഉത്തരമെഴുതിയ കുട്ടിക്ക് നൽകിയത് ബി ഗ്രേഡും. ആര് പരാതി നൽകിയാലും തനിക്കൊന്നുമില്ലെന്ന് കുട്ടികളോട് പരസ്യമായി വെല്ലുവിളിയും.
വെല്ലുവിളി കാര്യമാക്കിയ വിദ്യാർത്ഥികൾ ബാലാവകാശ കമ്മീഷനൊപ്പം വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ആ പരാതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നു. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഓച്ചിറ സ്റ്റേഷൻ ഹൗസ് ഓഫീസർ, ഹെഡ്മിസ്ട്രസ് തുടങ്ങിയവരെല്ലാം സമർപ്പിച്ച റിപ്പോർട്ടുകൾ, അധ്യാപകൻ സർവത്ര കുഴപ്പക്കാരനാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അന്വേഷണത്തിനെത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അധ്യാപകന് പറയാനുളളത് വേറെ കഥയാണ്. ആരോപണങ്ങളെല്ലാം സ്കൂളിലെ മറ്റ് അധ്യാപകരുടെ സൃഷ്ടിയാണത്രേ. തനിക്കെതിരെ നടപടിയെടുക്കരുതെന്നും താൻ അധ്യാപക സംഘടയുടെ നേതാവാണെന്നും വി എം കൃഷ്ണൻ പോറ്റി പറയുന്നു. ഏതായാലും അധ്യാപകൻ തികഞ്ഞ പരാജയമാണെന്നാണ് ബാലാവകാശ കമ്മീഷൻറെ വിലയിരുത്തൽ. കേരള വിദ്യാഭ്യാസ ആക്ടും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സ്കൂൾ മാനേജർ എന്നിവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...