തിരുവനന്തപുരം: കൊറോണ രോഗികൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ സംസ്ഥാനത്തും ഓക്സിജൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഓക്‌സിജന്റെ ക്ഷാമം നേരിട്ടതിനെ തുടർന്ന് നിരവധി ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
മാറ്റിവെച്ചത് ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയകളാണ്. ആശുപത്രിയിൽ ഓക്‌സിജന് ക്ഷാമം നേരിടാൻ തുടങ്ങിയത് കഴിഞ്ഞ ദിവസം രാത്രി മുതലാണ്. ഉടൻതന്നെ ഐഎസ്ആർഒയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ ശ്രീ ചിത്രയിൽ എത്തിച്ച് താത്കാലികമായി പ്രശ്‌നം പരിഹരിച്ചിരുന്നു.
Also Read: സംസ്ഥാനത്ത് നാല് ലക്ഷം കൊവിഷീൽഡ് എത്തി; വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം, ഇന്ന് വിതരണം തുടങ്ങും
ഇന്ന് ഉച്ചയ്ക്ക് ശേഷം 55 സിലിണ്ടറുകൾ കൂടി എത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. എന്നാൽ ഓക്‌സിജൻ എത്തിയതിനെ തുടർന്ന് അടിയന്തിര പ്രധാന്യമുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കൊറോണ രോഗികളുടെ എണ്ണം വർധിച്ചത് കൊണ്ടല്ല മറിച്ച് മറ്റ് രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് ഓക്‌സിജൻ ക്ഷാമത്തിന് കാരണമെന്നാണ്.
ഇതിനിടയിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലും സംസ്ഥാനത്തെ ഭൂരിഭാഗം ആശുപത്രികളിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകുന്നുണ്ട്. നേരത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം നേരിട്ടിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ഓക്‌സിജന്റെ ഉപയോഗം കൂടുന്നതിന് കാരണമാകുന്നുവെന്ന് ആശുപത്രികൾ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...