തലശേരി: നഗരമധ്യത്തിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനം പ്രത്യേക സ്ക്വാഡ് അന്വേഷിക്കും.
തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
28ന് തലശേരി മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വലിയ പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വ്യാപകമായ പരിശോധന നടത്തിയിരുന്നു.
തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള് ശേഖരിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര് കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.
ബിജെപി അക്രമം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറല്ല എന്നതിന്റെ തെളിവാണ് ബിജെപി മണ്ഡലം ഓഫീസിന് സമീപം നടന്ന സ്ഫോടനമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞിരുന്നു. അതേസമയം, സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.