കെപിസിസി അധ്യക്ഷനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല, അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി.സതീശൻ

കേസെടുത്ത് വീണ്ടും അത് കുത്തിപ്പൊക്കി അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 19, 2022, 05:29 PM IST
  • ടി.പിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി മറ്റൊരു കുലംകുത്തിയെ ചുവന്ന ഷാളിട്ട് സ്വീകരിച്ചു
  • തൃക്കാക്കരയിലേക്കുള്ള മെട്രോ എക്‌സറ്റന്‍ഷന് വേണ്ടി ആറ് വര്‍ഷമായിട്ടും ഒന്നും ചെയ്തില്ല
കെപിസിസി അധ്യക്ഷനെതിരായ കേസ്  കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ല, അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി.സതീശൻ

കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത നടപടി അപലപനീയമാണെന്നും  ഇതിനെ യു.ഡി.എഫ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വച്ച വിഷയങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ വിഷയങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി നടത്തുന്ന പ്രകോപനമാണിത്. പരാമര്‍ശം കൊളോക്കിയലായി ഉപയോഗിച്ചതാണെന്നും മുഖ്യമന്ത്രിയെ അത് വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കേസെടുത്ത് വീണ്ടും അത് കുത്തിപ്പൊക്കി അന്തരീക്ഷത്തില്‍ നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ച, കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനെ പരനാറി എന്ന് അഭിസംബോധന ചെയ്ത, കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരനെ കുലംകുത്തി എന്ന് വിളിച്ച പിണറായിക്കെതിരെ എവിടെയൊക്കെയാണ് കേസെടുത്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശമായ പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ ക്രെഡിറ്റ് പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്. യു.ഡി.എഫ് നേതാക്കള്‍ ആരും രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസാണ് കെ.പി.സി.സി അധ്യക്ഷനെതിരെ എടുത്തിരിക്കുന്നത്. ഇത് കോടതിയുടെ വരാന്തയില്‍ പോലും നില്‍ക്കില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി ഉപയോഗിച്ച വാക്കുകള്‍ കേരള ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രീയ നേതാവും ഏതിരാളികള്‍ക്കെതിരെ പ്രയോഗിച്ചിട്ടില്ല. ടി.പിയെ കുലംകുത്തിയെന്ന് വിളിച്ച പിണറായി മറ്റൊരു കുലംകുത്തിയെ ചുവന്ന ഷാളിട്ട് സ്വീകരിച്ചു. ഇവിടുന്ന് കൊണ്ടു പോയ സാധനത്തെ ഏത് ലോക്കറിലാണ് വച്ചതെന്ന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. തെരഞ്ഞെടുപ്പായിട്ടും ഷോക്കേസില്‍ പോലും വയ്ക്കാന്‍ പറ്റാതായെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

Also read: Wind Alert : കനത്ത മഴയും അതിശക്തമായ കാറ്റും; മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിർദ്ദേശം

വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിന് സമാനമായ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ കേസില്ല. ജോര്‍ജിനെ സ്വന്തം കാറില്‍ സംഘപരിവാറിന്റെ സ്വീകരണം ഏറ്റുവാങ്ങി നായകപരിവേഷത്തോടെ തിരുവനന്തപുരത്ത് എത്തിക്കാന്‍ സഹായിച്ചു. അതേ ജോര്‍ജുമായി സന്ധി ചെയ്ത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെയാണ് തൃക്കാക്കരയില്‍ നിര്‍ത്തിയിരിക്കുന്നത്. സ്വന്തം സ്ഥാനാര്‍ഥിയാണെന്ന് ജോര്‍ജും പറഞ്ഞിട്ടുണ്ട്. തൃക്കാക്കരയില്‍ കെ റെയിലാണ് ചര്‍ച്ചയെന്നാണ് ജയരാജന്‍ ആദ്യം പറഞ്ഞത്. യു.ഡി.എഫ് അതിന് തയാറായപ്പോള്‍ കെ റെയില്‍ ചര്‍ച്ചയല്ലെന്ന് പറഞ്ഞു. വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരമാണെന്നാണ് പിന്നീട് പറഞ്ഞത്. എറണാകുളത്ത് യു.ഡി.എഫ് നടപ്പാക്കിയ വികസന പദ്ധതികള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിട്ടും എല്‍.ഡി.എഫിന് മറുപടിയില്ല. തൃക്കാക്കരയിലേക്കുള്ള മെട്രോ എക്‌സറ്റന്‍ഷന് വേണ്ടി ആറ് വര്‍ഷമായിട്ടും ഒന്നും ചെയ്തില്ല. ഇപ്പോള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കെ സുധാകരന്റെ പരാമര്‍ശം ചര്‍ച്ചായാക്കുന്നത്. അങ്ങനെയെങ്കില്‍ അതും ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ് തയാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News