സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവ് അപര്‍ണ ബാലമുരളി, പ്രശസ്ത സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവര്‍ നയിക്കുന്ന സംഗീത സദസുമാണ് ഉദ്ഘാടന ദിവസത്തെ പ്രധാന ആകര്‍ഷണം.
നവ്യ നായര്‍, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ്, അഗം ബാന്‍ഡുകളുടെ സംഗീത പ്രകടനവുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും. മറ്റൊരു പ്രധാന വേദിയായ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തില്‍ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അരങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകള്‍ക്ക് വേദിയാകുന്നത്. ഇതിന് പുറമെ വൈലോപ്പിളി സംസ്‌കൃതി ഭവന്‍, ഭാരത് ഭവന്‍, സൂര്യകാന്തി, പബ്ലിക് ഓഫീസ് പരിസരം,ഗാന്ധിപാര്‍ക്ക്, മ്യൂസിയം പരിസരം, അയ്യങ്കാളി ഹാള്‍, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, ശംഖുമുഖം, നെടുമങ്ങാട്, മുടവൂര്‍ പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എന്നിവിടങ്ങളും വേദികളാണ്.
സെപ്തംബര്‍ ആറു മുതല്‍ 12 വരെ ജില്ലയിലെ 32 പ്രധാന വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത - ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയടങ്ങുന്ന ട്രേഡ് ഫെയറും എക്‌സിബിഷനുമാണ് മറ്റൊരു പ്രധാന ആകർഷണം.
കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുത ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓണംവാരാഘോഷത്തിന്റെ സംഘാടന-ഏകോപന ദൗത്യം ഏറ്റെടുക്കാന്‍ 250 വോളന്റിയര്‍മാരുമുണ്ടാകും. ഇതാദ്യമായാണ് ഓണംവാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായി തൃശൂരില്‍ നിന്നുള്ള പുലികളി സംഘവും അനന്തപുരിയിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...