ഇന്ന് കര്‍ക്കിടകവാവ്: പിതൃസ്മരണയില്‍ ലക്ഷങ്ങള്‍

പുലര്‍ച്ചയോടു കൂടി തന്നെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ബലിച്ചോറുണ്ണാന്‍ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിച്ചു.

Last Updated : Aug 11, 2018, 08:49 AM IST
ഇന്ന് കര്‍ക്കിടകവാവ്: പിതൃസ്മരണയില്‍ ലക്ഷങ്ങള്‍

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകവാവ്. പിതൃസ്മരണയില്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ബലിതര്‍പ്പണം നടത്തുന്നത്. പുലര്‍ച്ചയോടു കൂടി തന്നെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ബലിച്ചോറുണ്ണാന്‍ വരുന്ന പിതൃക്കളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിച്ചു. ഇടയ്ക്ക് പെയ്ത മഴയെ വകവെക്കാതെ മണ്‍മറഞ്ഞവര്‍ക്ക് വേണ്ടി വിശ്വാസികള്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നും പ്രത്യേക കേന്ദ്രങ്ങളിലുമായി വാവ്ബലി നടത്തുന്നുണ്ട്.

ശക്തമായ മഴയെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശവും ഇവിടെ എത്തിയവര്‍ക്ക് നല്‍കുന്നുണ്ട്. പുഴയിലേക്കും കടലിലേക്കും ഇറങ്ങുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ അകലത്തില്‍ നിന്നു മാത്രമാണ് ചടങ്ങുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി ആയിരക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ത്രിമൂര്‍ത്തി സംഗമ സ്ഥാനമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നാവാമുകുന്ദ കേരളത്തില്‍ തന്നെ ബലിതര്‍പ്പണത്തിന് ഏറെ പ്രശസ്തമാണ്. മഴയുടെ ശക്തി കുറഞ്ഞത് ഭക്തര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം കടപ്പുറത്ത് വെള്ളിയാഴ്ച രാത്രി ഏഴുമുതലും മറ്റിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയും പിതൃതര്‍പ്പണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 3.27 വരെ ബലിതര്‍പ്പണം തുടരും. യനാട് തിരുനെല്ലി ക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലിയിടാന്‍ തിരക്കുള്ളത്. വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും മറ്റുപ്രധാനക്ഷേത്രങ്ങളിലും തിലഹോമത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവയിലും പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. കാസര്‍ഗോഡ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന് മുന്നില്‍ കടല്‍ത്തീരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വച്ചാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ബലിതര്‍പ്പണത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. 

പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ക്ക് പുറമേ വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ട്. സ്‌നാന ഘട്ടങ്ങളെല്ലാം നിറഞ്ഞൊഴുകുന്നതിനാല്‍ തര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷക്കായി വനിത പോലീസ് ഉള്‍പ്പെടെ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വീതമാണ് വിവിധ സ്‌നാനഘട്ടങ്ങളില്‍ നിയമിച്ചിരിക്കുന്നത്. സ്‌നാനഘട്ടങ്ങള്‍ ഒക്കെ സിസിടിവി നിരീക്ഷണത്തിലാണ്.

Trending News