ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ലോക്ക് ഡൌണിനെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പിന്നീട് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.
ലോക്ക് ഡൌണ്‍ പൂര്‍ത്തിയാക്കിയ ശേഷമാകാം പരീക്ഷകള്‍ നടത്തുക. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള സാവകാശം നല്കിയാകും തീയതികള്‍ പ്രഖ്യാപിക്കുക.
കൂടാതെ, UPSC, SSC പരീക്ഷകള്‍ റദ്ദാക്കിയെന്ന തരത്തില്‍ പ്രച്ചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാറ്റിവച്ച പരീക്ഷകള്‍ പിന്നീട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണിനു ശേഷം പരീക്ഷകള്‍ നടത്തുമെന്ന് UPSCയും SSCയും നേരത്തെ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
സ്‌റ്റെനോഗ്രാഫര്‍, കമ്പെയ്ന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ജൂനിയര്‍ എഞ്ചിനീയര്‍, കമ്പെയ്ന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ തുടങ്ങിയ പരീക്ഷകളാണ് SSC മാറ്റിവച്ചത്. കമ്പെയ്ന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്, ഇന്ത്യന്‍ എക്കണോമിക് സര്‍വ്വീസസ്, ഇന്ത്യന്‍ സ്റ്റിസ്റ്റിക്കല്‍ സര്‍വ്വീസസ്, എന്‍ഡിഎ എന്നീ പരീക്ഷകളാണ് UPSC മാറ്റിവെച്ചത്.