തിരുവനന്തപുരം: വർക്കല ദവളാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുന്നതിന് ശാസ്ത്രീയ പരിശോധനാ ഫലം കാത്ത് പോലീസ്. തീ പടർന്നത് വീടിനുള്ളിൽ നിന്നാണോ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നാണോയെന്ന് പരിശോധിക്കും.
ഇതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് കൂടുതൽ പരിശോധന നടത്തും. കാർ പോർച്ചിലെ ബൈക്കിൽ തീപിടിച്ച് അത് ഹാളിലേക്ക് പടർന്നതാകാനുള്ള സാധ്യത പോലീസ് പൂർണമായും തള്ളുന്നില്ല. അങ്ങനെയെങ്കിൽ അട്ടിമറി സാധ്യതയും സംശയിക്കണം. അതിനാൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നതിനാണ് ഫോറൻസിക് പരിശോധന ഊന്നൽ നൽകിയത്.
വീടിന്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചതും പുറത്തെ ബൈക്കുകളും പൂർണമായി കത്തിയതുമാണ് സംശയത്തിന് ഇടയാക്കുന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തം കൂടുതൽ ബാധിച്ചത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണോയെന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണ റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലവും വിലയിരുത്തി അന്തിമ നിഗമനത്തിലേക്കെത്താനാണ് പോലീസ് തീരുമാനം.
തീപിടിത്തത്തിൽ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഖിൽ ( 29 ), മരുമകൾ അഭിരാമി (25), നിഖിലിന്റെയും അഭിരാമിയുടേയും എട്ടുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്ത മകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റു. നിഖിൽ ചികിത്സയിലാണ്.
വർക്കല പുത്തൻ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപൻ. ഇരുനില വീടിന്റെ കാർ പോർച്ചിൽ തീ ആളിക്കത്തുന്നത് കണ്ട അയൽവാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന നാല് ബൈക്കുകളും കത്തി നശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...