VD Satheesan: 'കാഫിര്‍' സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌

Kafir Screenshot Controversy: അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 08:56 PM IST
  • വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണ്
  • സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണമെന്നും വിഡി സതീശൻ
VD Satheesan: 'കാഫിര്‍' സ്ക്രീൻഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോർട്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌‌

പാലക്കാട്: പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ടാണ് വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വിവാദമായ 'കാഫിര്‍' പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. റെഡ് എന്‍കൗണ്ടര്‍, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എംഎല്‍എ കെകെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നിവ ഉള്‍പ്പെടെ അഞ്ച് സിപിഎം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് വിവാദ പോസ്റ്റർ പ്രചരിച്ചതെന്നാണ് പോലീസ് നൽകിയ റിപ്പോർട്ട്.   

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്നാണ് സിപിഎം തെളിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് സതീശൻ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 'കാഫിര്‍' ആണെന്ന പ്രചരണം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. അത് സാമൂഹികമായി ഉണ്ടാക്കിയേക്കാവുന്ന ഭിന്നിപ്പിന്റെ ആഘാതം എന്തായിരിക്കുമെന്നത് പരിശോധിക്കേണ്ടതാണ്. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സിപിഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബിജെപി പോലും സിപിഎമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണ്. സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സിപിഎം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പോലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണെന്നും വിഡി സതീശൻ പറഞ്ഞു.

ഈ ഗൂഡാലോചന അന്വേഷിച്ചാല്‍ സിപിഎമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങും. ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇതിന് അവസാനം കാണുന്നത് വരെ നിയമപരമായി പോരാടും. മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയിലാണ് സിപിഎം ഇത് കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്. സ്വന്തം ഫോണ്‍ പോലീസിന് മുന്നില്‍ ഹാജരാക്കി ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന ആ ചെറുപ്പക്കാരന്‍ കാട്ടിയ ധീരതയാണ് സത്യം പുറത്തുവരാന്‍ കാരണമായത്.

ഹീനമായ ഗൂഡാലോചനയാണ് സിപിഎം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയത്. പരസ്യമായി ക്ഷമാപണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും തയാറാകണം. സംഘപരിവാറിനെയും ബിജെപിയെയും പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമവും സിപിഎം ഇനി നടത്തരുത്. അത്തരം ശ്രമങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 

ഉന്നതരായ സിപിഎം നേതാക്കളുടെ അറിവോടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രരണം നടത്തിയത്. സമൂഹത്തെ രണ്ടായി തിരിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വോട്ട് നേടി ജയിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. അതുതന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടത് കൊണ്ടാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ചത്.

അല്ലെങ്കില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഷാഫി പറമ്പിലിന്റെയും തലയില്‍ വച്ചേനെ. എത്ര ഗദ്ഗദകണ്ഠയായാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ പറഞ്ഞത്. എത്ര വലിയ ഗൂഡാലോചനയാണ് അതിന്റെ പിന്നില്‍ നടന്നത്. കെകെ ലതികയ്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അന്വേഷിച്ചു പോയാല്‍ ചില കുടുംബങ്ങളില്‍ എത്തിച്ചേരും. അതുകൊണ്ടാണ് പൊലീസ് അന്വേഷിക്കാത്തത്. സത്യം പുറത്തുവരുന്നതു വരെ നിയമപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News