കൊല്ലം: സ്വന്തം വാർഡിലെ അഞ്ചു വയസ്സിനു മുകളിൽ പ്രായമുളള മുഴുവൻ ജനങ്ങളെയും ഇൻഷുർ ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ് പുനലൂരിൽ ഒരു നഗരസഭാ കൗൺസിലർ. കലുങ്ങുംമുകൾ വാർഡിന്‍റെ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജി ജയപ്രകാശാണ് ജനസേവനത്തിലെ പുതുമാതൃക തീർത്തത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
ജയപ്രകാശിന്‍റെ വാർഡിൽ അഞ്ചു വയസ്സിനു മുകളിൽ പ്രായമുളളവർ 1382 പേർ. മുഴുവൻ പേരെയും കൗൺസിലർ മുൻകൈയ്യെടുത്ത് പ്രീമിയമടച്ച് ഇൻഷ്വർ ചെയ്യുന്നത് ചരിത്രത്തിലാദ്യം. യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് സംരംഭം. വാർഷിക പ്രീമിയം അടയ്ക്കാൻ ജയപ്രകാശിനൊപ്പം ചില സ്പോൺസർമാരും ചേർന്നു. അപകടങ്ങളൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കുമ്പോഴും ഒരു കരുതൽ വേണ്ടേ എന്ന ചോദ്യമാണ് ജയപ്രകാശ് മുന്നോട്ടുവയ്ക്കുന്നത്.
ALSO READ: Arikomban: അരിക്കൊമ്പൻ കമ്പം ടൗണിൽ; ജനവാസ മേഖലയിൽ നിന്ന് തുരത്താൻ ശ്രമിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ
മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചത്. പദ്ധതിയുടെ ഭാഗമാകാൻ പലരും ഇപ്പോൾ മുന്നോട്ടു വരുന്നുണ്ട്. രണ്ടാം വർഷത്തെ പ്രീമിയം അടയ്ക്കാനും സ്പോൺസർമാരുണ്ട്. മൂന്നാം വർഷം മുതൽ ദാരിദ്ര്യരേഖയ്ക്കു താഴെയുളളവരുടെ പ്രീമിയം കൗൺസിലറോ സ്പോൺസർമാരോ അടയ്ക്കും.
ദാരിദ്ര്യരേഖയ്ക്കു മുകളിലുളളവർക്ക് താത്പര്യമെങ്കിൽ സ്വയം പ്രീമിയം അടയ്തക്കാം. വ്യക്തിഗതമായി അടച്ചാൽ ശരാശരി നൂറു രൂപ മാത്രമേ ഒരു വർഷം വേണ്ടൂ. കൗൺസിലറുടെ ഭരണകാലം കഴിഞ്ഞാലും പദ്ധതി നടന്നുപോകണമെന്നാണ് ജയപ്രകാശിന്‍റെ താത്പര്യം. അതിനുളള ബോധവത്കരണം കൂടി നടത്താനാണ് പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...