തിരുവനന്തപുരം : വായനാട്ടിൽ ഡ്യൂട്ടിക്കിടെ കാണാതയാ വനിത സിഐയെ സ്ഥലം മാറ്റി. വയനാട് പനമരം സിഐ കെ.എ എലിസബത്തിനെയാണ് സ്ഥലം മാറ്റിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും എലിസബത്തിനെ ജില്ല ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പാലക്കാട്ടേക്ക് കോടതി ഡ്യൂട്ടിക്ക് പോയ വനിത സിഐയെ പിന്നീട് കാണാതാകുകയായിരുന്നു. ശേഷം തിരുവനന്തപുരത്ത് വെച്ച് എലിസബത്തിനെ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി. തിരുവനന്തപുരം ആനയറയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്നും എലിസബത്തിനെ പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോയി.
ഒക്ടോബർ 10 തിങ്കളാഴ്ച്ച രാവിലെ പാലക്കാട് സ്പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ സി.ഐ എലിസബത്തിനെയാണ് അന്ന് വൈകീട്ടോടെ കാണാതായത്. എന്നാൽ കോടതിയിലെത്താതായതോടെ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും സി.ഐയുടെ സ്വകാര്യ ഫോൺ നമ്പറും ഔദ്യോഗിക ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു.
കോഴിക്കോട് എടിഎം കൗണ്ടറിൽ നിന്ന് അന്നേ ദിവസം രാത്രി പത്ത് മണിയോടെ പണം എടുത്തശേഷം പാലക്കാടേക്ക് തിരിച്ച കയറിയതായി സ്ഥിരീകരിച്ചിരുന്നു. അവസാനമായി ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ, പനമരം പോലീസ് കൽപറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും വനിത സിഐയെ കണ്ടെത്തിയില്ല.
തുടർന്ന് കമ്പളക്കാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തി അന്വേഷണം നടത്തി. പിന്നീടാണ് എലിസബത്ത് തിരുവനന്തപുരം ആനയറയിൽ സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്ന് അറിയുന്നത്. റിട്ടയർട് പോലീസുദ്യോഗസ്ഥയാണ് എലിസബത്തിന്റെ സുഹൃത്ത്. ഇവർക്ക് തൊഴിൽ സമർദ്ധം നേരിട്ടതായും അതു കൊണ്ടാണ് പൊടുന്നനെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതെന്നും ചില സഹപ്രവർത്തകരോട് പറഞ്ഞതായും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...