കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും പുറത്താക്കുന്നതിനും രണ്ട് ദിവസം മുൻപായിരുന്നു കുറുപ്പശ്ശേരി വർക്കി തോമസ് എന്ന കെവി തോമസ് അഥവാ തോമസ് മാഷിൻറെ പിറന്നാൾ ' മെയ് 10' കാലഗണന ക്രമം നോക്കിയാൽ 76-ാം വയസ്സ് കെവി തോമസ് വിശ്രമ ജീവിതം നയിക്കേണ്ട സമയമാണ്.
33 വർഷത്തെ അധ്യാപന ജീവിതവും, അത്രയും വർഷം തന്നെയുള്ള രാഷ്ട്രീയ ജീവിതവും അദ്ദേഹത്തിന് തെല്ലും മടുപ്പ് സമ്മാനിച്ചിട്ടില്ലെന്ന് പുതിയ പ്രകൃതത്തിൽ നിന്നും വ്യക്തം. ഇനി ഒരു പക്ഷെ വിശ്രമമില്ലാതെ വീണ്ടും ഡൽഹിയുടെ പൊടിയും ചൂടും തണുപ്പും കൊള്ളാൻ പോകണോ എന്ന് പഴയ കോൺഗ്രസ്സ് അനുയായികൾ ചോദിച്ചേക്കാം. ചോദിച്ചിരുന്നെങ്കിൽ തരാൻ 100 കണക്കിന് ജനറൽ സെക്രട്ടറി കസേരകൾ ഒഴിച്ചിടുമായിരുന്നില്ലേ എന്ന് എല്ലാം മറന്ന് കോൺഗ്രസ്സ് നേതാക്കളും പറയും.
എന്നാൽ അതിനെയെല്ലാം നിഷ്ഫലമാക്കാൻ പിണറായി വിജയൻ ഏൽപ്പിച്ച ദൗത്യമാണ് വലുതെന്ന് നെഞ്ച് വിരിച്ചു നിന്ന് തോമസ് മാഷ് പ്രഖ്യാപിച്ചാൽ അതിൻറെ അർഥം ഇന്ദ്ര പ്രസ്ഥം അദ്ദേഹത്തിൻറെ പുതിയ നിയോഗമാണെന്ന് തന്നെയാണ്. അതവിടെ നിൽക്കട്ടെ മുൻപ് അതേ പദവിയിലിരുന്ന എ സമ്പത്തിന് കഴിയാത്തതെന്തോ തോമസ് മാഷിന് കഴിയുമെന്ന് സിപിഎം വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ് ? അവിടേക്കാണ് പോകുന്നത്.
ഡൽഹിയിലെ കസേര നയം
കേന്ദ്രമന്ത്രി, അഞ്ച് തവണ ലോക്സഭാ എംപി, രണ്ട് തവണ എംഎൽഎ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ഇത്രയും മികച്ച കരിയർ റെക്കോർഡ് കാത്ത് സൂക്ഷിക്കുക അൽപ്പം പ്രയാസമുള്ള കാര്യമാണ്. അതിങ്ങനെ കയ്യിലിട്ട് അമ്മാനമാടിയ തോമസ് മാഷിന് ക്യാബിനെറ്റ് പദവിയോ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനമോ ഒന്നും ഭ്രമിപ്പിക്കുന്നതല്ലെന്ന് ഒരുസംസാരം അങ്ങിനെ ഇരിക്കെ ചിലത് മഷിയിട്ട് നോക്കി തെളിയിച്ചു മാധ്യമങ്ങൾ. അതൊരു ബുദ്ധികൂർമ്മത തന്നെയാണത്രെ.
കെവി തോമസ് എന്ന 76-കാരൻ രാഷ്ട്രീയ പ്രവർത്തകൻറെ വിശ്രമ ജീവിത കരാർ ഒപ്പിടിപ്പിച്ച സിപിഎമ്മിന് ആവശ്യം ഡൽഹിയല്ലെന്നാണ് സൂചന. സമര കോലാഹലങ്ങളിൽ കലുഷിതമായ വിഴിഞ്ഞത്തെ അടക്കാൻ സവിശേഷമായ ചിലതൊക്കെ തോമസ് മാഷിൽ പിണറായി സർക്കാർ കണ്ടിട്ടുണ്ടാവണം. അതിൽ പ്രധാനം ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹമെന്നത് ഇന്ത്യൻ എക്സ്പ്രസ്സ് വിശദമാക്കുന്നു. അതിനവർ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മുതിർന്ന ലാറ്റിൻ കത്തോലിക്കാ രാഷ്ട്രീയക്കാരനാണ് തോമസ് എന്ന വാചകമാണ് ഉപയോഗിച്ചത്.
ഇടതുസർക്കാർ സമുദായത്തെ വഞ്ചിച്ചുവെന്ന് കഴിഞ്ഞയാഴ്ച ലത്തീൻ കത്തോലിക്ക സഭ നടത്തിയ ആരോപണം സിപിഎം കേന്ദ്രങ്ങളെ ഇരുത്തി ചിന്തിപ്പിച്ചിരിക്കും എന്ന് സാരം. അതിൻറെ ഫലമാകാം പുതിയ നിയമനം. എന്നും ഇന്ത്യൻ എക്സ്പ്രസ്സ് ചൂണ്ടിക്കാട്ടുന്നു. അതൊരു കാഴ്ചപ്പാട് മാത്രമാണെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ....
അംബാനിയുമായി അടുത്ത ബന്ധമുള്ളയാൾ
കേരളത്തിന്‌റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുമെന്ന് ക്യാബിനെറ്റ് തീരുമാന പ്രഖ്യാപനത്തിന് പിന്നാലെ കെവി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വഭാവിക പ്രതികരണം എന്ന് എല്ലാവരും കരുതി. പിന്നാലെ മീഡിയാ വണ്ണിന് കൊടുത്ത അഭിമുഖത്തിൽ തോമസ് മാഷ് ഒരു കാര്യം അടിവരയിട്ടു. അദാനിയുമായി അദ്ദേഹത്തിന് പതിറ്റാണ്ടുകളായുള്ള ബന്ധമാണത്രെ.അദാനി ഗ്രൂപ്പിൻറെ കേരളത്തിലെ സാധ്യതകളെ കുറിച്ചും അദ്ദേഹം വാചാലനായതോടെ ആ നറുക്കെടുപ്പ് ഏതാണ്ട് പൂർത്തിയായെന്ന് വേണം പറയാൻ.
സമ്പത്തിനെ നിയമിച്ച് സർക്കാരിന് നഷ്ടമായ 7 കോടിയുടെ സമ്പത്ത് തിരിച്ച് കൊണ്ടുവരാനൊന്നും കെവി തോമസിന് പറ്റില്ലെന്ന് അറിയാമല്ലോ. പക്ഷെ ചിലതൊക്കെ ചെയ്യാൻ ആയേക്കുമെന്ന് സിപിഎം വിലയിരുത്തുന്നുവെങ്കിൽ അൽപ്പം കാത്തിരുന്ന് തന്നെ കാണാം മാഷിൻറെ ഡൽഹിയിലെ പ്രത്യേക നിയോഗങ്ങൾ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...