വീണ്ടും കർഷക സമരങ്ങൾക്ക് വേദിയാകുകയാണ് രജ്യം. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 16 ന് 'ഭാരത് ബന്ദിന്' ആഹ്വാനം ചെയ്തിട്ടുമുണ്ട്. കർഷക യൂണിയനുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും ഇവർക്കൊപ്പം ചേർന്നതിനാൽ വലിയ സമരം തന്നെ പ്രതീക്ഷിക്കാം. ഫെബ്രുവരി 16 ന് രാവിലെ 6 മുതൽ വൈകുന്നേരം 4 വരെയാണ് ബന്ദ്. എന്നാൽ എന്താണ് ഇത്തരമൊരു ഭാരത് ബന്ദിന് പിന്നിലുള്ള കാരണമെന്ന് അറിയാമോ? അത് പരിശോധിക്കാം.
ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം ചെയ്യുന്നത്. കർഷകർക്ക് പെൻഷൻ, വിളകൾക്ക് താങ്ങുവില, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, തൊഴിൽ നിയമങ്ങളിലെ ഭേദഗതികൾ പിൻവലിക്കുക എന്നിവയാണ് സമരം ചെയ്യുന്ന കർഷകരുടെയും ട്രേഡ് യൂണിയനുകളുടെയും പ്രധാന ആവശ്യങ്ങൾ. ജീവനക്കാരുടെ കരാർ, ഉറപ്പുള്ള തൊഴിൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) ശക്തിപ്പെടുത്താനും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനും ഔപചാരികവും അനൗപചാരികവുമായ മേഖലകളിലെ എല്ലാവർക്കും പെൻഷനും സാമൂഹിക സുരക്ഷയും ഉറപ്പാക്കാനുമാണ് കർഷകർ ശ്രമിക്കുന്നതെന്ന് സമര സമതി നേതാക്കൾ പറയുന്നു.
ഫെബ്രുവരി 16-ന് പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന ഭാരത് ബന്ദിൽ പൊതു ഗതാഗതം, കാർഷിക പ്രവർത്തനങ്ങൾ, എം എൻ ആർ ഇ ജി എ ഗ്രാമീണ ജോലികൾ, സ്വകാര്യ ഓഫീസുകൾ, വില്ലേജ് ഷോപ്പുകൾ, ഗ്രാമീണ വ്യാവസായിക, സേവന മേഖലാ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. ആംബുലൻസ്, പത്രവിതരണം, വിവാഹം, മെഡിക്കൽ ഷോപ്പുകൾ, പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങിയവരെ ഇതിൽ നിന്നും ഒഴിവാക്കും. അതേസമയം കർഷകർ കുറ്റവാളികളല്ലെന്നും അവരെ കുറ്റവാളികളെ പോലെ കാണരുതെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. സമരം ചെയ്യുന്ന കർഷകരുടെ നിരവധി ആവശ്യങ്ങളിൽ ഒന്നാണ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക എന്നത്. 2004 നും 2006 നും ഇടയിൽ മൊത്തം അഞ്ച് റിപ്പോർട്ടുകൾ എംഎസ് സ്വാമിനാഥൻ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന 'ദില്ലി ചലോ' മാർച്ചിൽ കർഷകരും സുരക്ഷാ സേനയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഹരിയാന അതിർത്തിയിൽ വെച്ചാണ് ട്രാക്ടറുമായി എത്തിയ കർഷകരെ പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ബന്ദിന് കൂടുതൽ സംഘടനകൾ തങ്ങളുടെ പിന്തുണ അറിയിച്ചത്. രാജ്യത്തെ എല്ലാ കർഷക സംഘടനകളോടും ഫെബ്രുവരി 16 ലെ ഗ്രാമീണ ഭാരത് ബന്ദിൽ പങ്കെടുക്കാൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം കർഷകരെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. 200-ലേറെ കർഷക സംഘടനകളാണ് നിലവിൽ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ നടന്ന ചർച്ചകൾ പലതും തീരുമാനമാകാതെയാണ് പിരിഞ്ഞത്. അടുത്ത ചർച്ച ചണ്ഡീഗഢിലായിരിക്കുമെന്ന് സോഴ്സുകളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.