മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര ഈഗോ? സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതിന് പിന്നിലെന്ത്?

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിഴിഞ്ഞത് അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് കൂടി മറുപടി പറയാൻ ബാധ്യസ്ഥനാണ്

Written by - ശാലിമ മനോഹർ ലേഖ | Last Updated : Nov 28, 2022, 05:46 PM IST
  • എങ്ങനെ വിഴിഞ്ഞത് കാര്യങ്ങൾ ഇത്രയും വഷളായി?
  • ചർച്ചയ്ക്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി മടിക്കുന്നതെന്തിന്?
  • പ്രകോപിപ്പിച്ച് സമരത്തെ വഷളാക്കാൻ ശ്രമിക്കുന്നത് ആര് ?
മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര ഈഗോ?  സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതിന് പിന്നിലെന്ത്?

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉണ്ടായ അതിക്രമത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിന് മാത്രമാണെന്നും സമരം ഇത്രയും നീണ്ടു പോകാനുള്ള കാരണം മുഖ്യമന്ത്രി മാത്രമാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകൾ.  മാസങ്ങളായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവാണ് വിഴിഞ്ഞത് നടന്ന സംഭവവികാസങ്ങൾ. സമരക്കാരുമായി ചർച്ച നടത്താൻ പല വഴികളിലൂടെയും ശ്രമങ്ങൾ നടന്നപ്പോഴും വകുപ്പ് മന്ത്രിമാരും കളക്ടരും അനുബന്ധ ഉദോഗസ്ഥരും മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് ചോദിച്ചത് പോലെ ഇക്കാര്യത്തിൽ സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര ഇഗോ?  മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെ. കൂടാതെ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വിഴിഞ്ഞത് അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് കൂടി മറുപടി പറയാൻ ബാധ്യസ്ഥനാണ്. കാരണം വിഴിഞ്ഞത് നിലനിന്നിരുന്ന സംഘർഷാവസ്ഥയെ കുറിച്ച് നേരത്തെ തന്നെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ വിദശീകരിച്ചിരുന്നു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി സർക്കാരിന് നിർദേശവും നൽകിയിരുന്നു. തുടർന്ന് 5000 പോലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിരുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും എങ്ങനെ വിഴിഞ്ഞത് കാര്യങ്ങൾ ഇത്രയും വഷളായി എന്നാണ് ചോദ്യം.

വിഴിഞ്ഞത് സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.  വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്ന് പല ആവർത്തി പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടതാണ്. ഇത്രയേറെ കാര്യങ്ങൾ എത്തിയ സാഹചര്യത്തിൽ ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ അപകടകരമായ രീതിയിലേക്ക് സമരം പോകുമെന്നതിൽ സംശയം വേണ്ട. സമരക്കാരുടെ സമരരീതികളെ ന്യായീകരിക്കുന്നതല്ലെങ്കിലും ഈ രീതിയിൽ ഇത് മുന്നോട്ട് പോകുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ആശങ്കയുണ്ട്. സമരക്കാരെ ബോധപ്പൂർവ്വം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചതെന്നും ആരോപണമുണ്ട്. ഇത്തരം ജനകീയ പ്രക്ഷോഭങ്ങളെ നേരിടാൻ സർക്കാർ സാമാന്യബുദ്ധി കാട്ടണം എന്നാണ് പൊതുവികാരം. പ്രത്യേകിച്ചും വിഴിഞ്ഞത്തെ തീരദേശവാസികളുടെ കാര്യത്തിൽ അവരെ യാതൊരു തരത്തിലും പ്രകോപിപ്പിക്കാതെ ചർച്ചകളിലൂടെ രമ്യമായി കാര്യങ്ങൾ പരിഹരിക്കുകയായിരുന്നു വേണ്ടത്. ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നത്. ഇത് രാജഭരണമോ മുഖ്യമന്ത്രി മഹാരാജാവോ അല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയാണ് മുഖ്യമന്ത്രി. അങ്ങനെയുള്ള മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നാല് വര്‍ഷമായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ബാധ്യതയുണ്ട്. തീരദേശവാസികള്‍ വികസനത്തിന്റെ ഇരകളാണ്. അവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണ്. ഒപ്പം സമരം തുടരുന്നത് കൊണ്ട് അദാനിക്ക് ഉണ്ടാകുന്ന നഷ്ടം ലത്തീൻ സഭയിൽ നിന്നും ഈടാക്കണമെന്ന സർക്കാർ തീരുമാനവും മണ്ടത്തരമായി പോയി. എങ്കിൽ പിന്നെ ഇക്കാലമാത്രയും സിപിഎം ചെയ്ത സമരത്തിലൂടെ കേരളത്തിനുണ്ടായ നഷ്ടം സിപിഎമ്മിൽ നിന്നും ഈടാക്കേണ്ടി വരില്ലേ എന്നതാണ് ചോദ്യം.  

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു സിൽവർ ലൈൻ. സിൽലൈനുമായി ബന്ധപ്പെട്ട് തുടക്കത്തിലേ തന്നെ കല്ലുകടി ഉണ്ടായിരുന്നു. ഭൂമിയേറ്റെടുക്കൽ സർവ്വേയിൽ കേരളം ആടിയുലഞ്ഞ കാഴ്ചകളും കണ്ടതാണ്. കേരളത്തിന്റെ സാഹചര്യത്തിൽ പച്ചക്കൊടി കാണാൻ തീരെയും സാധ്യതയില്ലാത്ത ഒരു പദ്ധതിയെന്ന് പ്രതിപക്ഷം ഉൾപ്പെടെ പറ‍ഞ്ഞിരുന്ന പദ്ധതിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായി സർക്കാർ എത്തി. കേന്ദ്രം മുഖം തിരിച്ചപ്പോഴും കോടതികൾ കയറിയിറങ്ങി സർക്കാർ പദ്ധതി നടത്തിയേ മതിയാകു എന്ന് ആവർത്തിച്ചു. പക്ഷേ, കാര്യങ്ങൾ അത്രകണ്ട് അനുകൂലമായിരുന്നില്ല സർക്കാരിന് കാര്യങ്ങൾ. പദ്ധതിയിൽ നിന്നും പിന്നോട്ടെന്ന് പറയാതെ പറഞ്ഞ് ഘട്ടംഘട്ടമായി പിന്മാറുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കല്ലിടൽ സർവ്വേയ്ക്ക് പിന്നാലെ ഉപഗ്രഹ സർവ്വേ നടത്തി പദ്ധതി നടത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു സർക്കാർ. പക്ഷേ,  സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോൾ. 11ജില്ലകളിലായി ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെയാണ് റവന്യൂ വകുപ്പ് തിരിച്ചു വിളിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News