ഇടുക്കി ശാന്തൻ പാറയിൽ കാട്ടാനആക്രമണത്തെ തുടർന്ന് ഫോറസ്ററ് വാച്ചർ കൊല്ലപ്പെട്ടു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ശക്തിവേൽ ആണ് മരിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകളെ ഓടിക്കാൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു ആക്രമണം. തുടർന്ന് കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു. ഇന്ന് രാവിലെ 6.30 നും എഴിനും ഇടയിലായാണ് ശക്തിവേലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഉച്ചയ്ക്ക് 12 മണിയോടെ മാത്രമാണ് നാട്ടുകാർ ആക്രമണത്തിന്റെ വിവരങ്ങൾ അറിഞ്ഞത്.പണ്ട് ഈ പ്രദേശത്ത് റോഡിൽ ഇറങ്ങിയ ആനയെ ശക്തിവേൽ വിരട്ടി തിരികെ കാട്ടിൽ കയറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
അപകടകാരിയായ അരികൊമ്പനും മൂന്ന് ആനകൾ അടങ്ങുന്ന മറ്റൊരു കൂട്ടവും രാവിലെ മേഖലയിൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ശക്തിവേൽ, ആനകളെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് എത്തുകയായിരുന്നു. രാവിലെ കനത്ത മഞ്ഞ് ആയിരുന്നതിനാൽ, ആനകളെ ദുരെ നിന്ന് കാണാൻ സാധിച്ചില്ല എന്നാണ് കരുതുന്നത്. ശക്തിവേലിനെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്, തേയില ചെടികൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ALSO READ: PT Seven : പി.ടി സെവൻ ഇനി ധോണി എന്നറിയപ്പെടും; കൊമ്പനെ കുങ്കിയാക്കും
സംഭവം അറിഞ്ഞ ഉടനെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം ഇവിടെ നിന്ന് മാറ്റിയതായി നാട്ടുകാർ ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കുകയോ, പൊലീസ് സ്ഥലത്ത് എത്തുന്നത് വരെ കാത്തിരിക്കുകയോ ചെയ്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.
സംസ്ഥാനത്ത് ഏറ്റവും അധികം കാട്ടാന ആക്രമണം ഉണ്ടായിട്ടുള്ള പ്രദേശമാണ് ചിന്നക്കനാൽ,ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തോട്ടം മേഖല. രണ്ട് പതിറ്റാണ്ടിനിടെ 40 ലധികം ആളുകളാണ് ഇവിടെ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മതികെട്ടാൻ ചോലയിൽ നിന്നുള്ള ആനകളാണ് മേഖലയിൽ നാശം വിതയ്ക്കുന്നത്. ചില്ലികൊമ്പൻ, അരികൊമ്പൻ, ചക്ക കൊമ്പൻ തുടങ്ങിയ ഒറ്റയാൻമാർ മേഖലയിൽ നാശം വിതയ്ക്കുന്നത് പതിവാണ്. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയ പാത ഉപരോധിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...