തിരുവനന്തപുരം : അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടങ്ങൾ തുടരുമെന്ന് വി.എസ് അച്യുതാനന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലും തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കില്ലെന്നും കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ച് മത്സരിക്കാൻ തയാറായത് ഇതുകൊണ്ടാണെന്നും വിഎസ് പറഞ്ഞു.
വർഗീയതയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളർച്ചയ്ക്ക് ഒത്താശയും ചെയ്യുന്ന യുഡിഎഫ് ആണ് കേരളം ഭരിച്ചിരുന്നത്. അഴിമതി തുടരാൻ വേണ്ടി എല്ലാത്തരം വർഗീയ ശക്തികളെയും അകമഴിഞ്ഞ് സഹായിക്കുന്ന ഈ സർക്കാർ തുടർന്നാൽ കേരളത്തെ വിറ്റുതുലയ്ക്കും. മാത്രമല്ല കേരളത്തിൽ വർഗീയ ഫാസിസ്റ്റുകൾക്ക് വെള്ളവും വളവും നൽകി ആ വിഷമരം വളരാൻ അവസരവും നൽകിയേനെ. ദേശീയ തലത്തിൽ വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സമര ശക്തി നിലനിർത്താനും കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. അതിനാലാണ് ഏഴര പതിറ്റാണ്ട് കാലമായി ചെങ്കൊടി പിടിക്കുന്ന താൻ ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇതിനിടയിൽ തന്നെ ആക്രമിക്കാനും കേസിൽ കുടുക്കാനും ശ്രമമുണ്ടായെന്നും വിഎസ് പറഞ്ഞു.
സമൂഹത്തോടും പാർട്ടിയോടും ജനങ്ങളോടുമുള്ള കടമയാണ് നിറവേറ്റിയത്. എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്. കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും വിഎസ് വ്യക്തമാക്കി.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ രൂപം