തിരുവനന്തപുരം: സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തുനൽകി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പ്രവർത്തനക്ഷമമല്ലെന്ന് ഡബ്ല്യുസിസി പരാതി നൽകിയിരുന്നു.
സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ പ്രവർത്തനക്ഷമമല്ലെന്ന് ഡബ്ല്യുസിസി വനിതാ കമ്മീഷനെ നേരിൽകണ്ട് പരാതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി സമഗ്ര നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷൻ ഹൗസുകൾ കമ്മിറ്റികൾ രൂപീകരിക്കാത്തതിനെതിരെ ഡബ്ല്യുസിസി അംഗങ്ങൾ നിരവധി തവണ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉയർന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിലും ഡബ്ല്യുസിസി അംഗങ്ങൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഇത്തരം സെല്ലുകൾ രൂപീകരിക്കാൻ സുപ്രീംകോടതി മുൻപ് തന്നെ നിർദേശിച്ചതാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...