തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നരവർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ ഒരുങ്ങുന്നത്. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്.
ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു. ആശ്രമം തീയിട്ടതിനെ അപലപിച്ച് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും ഇത്രയും നാൾ കഴിഞ്ഞിട്ടും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായില്ല.
ആറുമാസത്തിലധികം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതലയുണ്ടായിരുന്ന കേസ് പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അന്വേഷണം ആരംഭിച്ച് മൂന്നര വർഷം പിന്നിട്ടിട്ടും അവ്യക്തത തുടരുകയാണ്. മാത്രമല്ല ഒരു പുരോഗതിയും ഉണ്ടായിട്ടുമില്ല. ചില കാര്യങ്ങൾ കൂടി പരിശോധിച്ച് തെളിവുകൾ ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. കേസന്വേഷണം അവസാനിപ്പിക്കുന്നതായുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. അന്വേഷണ സംഘം കേസന്വേഷണം അവസാനിപ്പിക്കുന്ന വാർത്തയെ കുറിച്ച് സന്ദീപാനന്ദഗിരി സീ മലയാളം ന്യൂസിനോട് പ്രതികരിക്കുമ്പോൾ...
ALSO READ : VD Satheesan: വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ; ചിത്രം പുറത്ത്
ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിക്കുന്നു വാർത്തയോടുള്ള പ്രതികരണം
തീരുമാനം ഖേദകരമാണ്. ഏത് ശക്തികളാണ് ഇതിന് പിന്നിൽ എന്നുള്ളത് അന്വേഷിക്കാൻ കഴിഞ്ഞില്ല. നഷ്ടപരിഹാരമായി ഒരു രൂപ പോലും ആരും തന്നിട്ടില്ല. സത്യസന്ധമായും നിഷ്പക്ഷമായിട്ടുമുള്ള അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്ന് വലിയ അനാസ്ഥയുണ്ടായി. ഔദ്യോഗികമായി അറിയിപ്പൊന്നും കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിയുന്നത്.
മുഖ്യമന്ത്രി അടക്കമുള്ളവർ പാഞ്ഞെത്തി വലിയ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. തുടങ്ങി കോളിളക്കം സൃഷ്ടിടച്ച കേസിൽ പ്രതിയെ മാത്രം പിടികൂടനായില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമല്ലേ?
റീത്ത് സമർപ്പിച്ചു കൊണ്ടാണ് ആശ്രമത്തിന് മുന്നിൽ നിർത്തിയിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുന്നത്. കയ്യെഴുത്തിലൂടെ എഴുതി വച്ചിരുന്ന പോസ്റ്റർ ഉണ്ടായിരുന്നു. അങ്ങനെ ചെറിയ തോതിലുള്ള തെളിവുകൾ ഉണ്ടായിരുന്നു ആരാണ് റീത്ത് ഉണ്ടാക്കിയത് എന്ന തരത്തിലേക്കുള്ള തെളിവുകൾ. പക്ഷേ, ഒന്നും ഫലം കണ്ടില്ല എന്നുള്ളതാണ് വാസ്തവം. പോലീസിന്റെ വീഴ്ച ഇക്കാര്യത്തിലുണ്ട് എന്നുള്ളത് ബോധ്യപ്പെട്ടിട്ടുണ്ട്.
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചത് കൊണ്ടാണ് ആക്രമണം ഉണ്ടായെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടോ? ആരോപണം മാത്രമല്ലേ നിലനിൽക്കുന്നത് തെളിവുകളില്ലല്ലോ?
സംഘപരിവാറുകാർ ശാരീരികമായി തന്നെ ആക്രമിച്ചിട്ടുണ്ട്. തുഞ്ചൻപറമ്പിലെ പരിപാടിയിൽ പണ്ട് അക്രമിച്ചിട്ടുണ്ട്. നിരവധി സംഘപരിവാറുകാരെ അന്ന് പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. ചില പ്രഭാഷണങ്ങൾ നടക്കുന്നിടത്ത് മുദ്രാവാക്യം വിളികളുമായി അത് തടസ്സപ്പെടുത്താൻ സംഘപരിവാർ ശ്രമിച്ചിട്ടുണ്ട്. ഇതിന് അനുബന്ധമായിട്ടാണ് ആശ്രമം കത്തിക്കൽ സംഭവമുണ്ടായിരിക്കുന്നത്. ഒരാഴ്ച മുൻപ് ആശ്രമത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. അന്ന് പോലീസ് തടഞ്ഞിരുന്നു. അന്ന് പോലീസ് പറഞ്ഞത് ഇവിടെ നിന്ന് എന്റെ വാഹനം മാറ്റിയിടണം എന്നാണ്. പക്ഷേ, അപ്പോഴും ഞാൻ ചോദിക്കുന്നത് എന്തിന് സ്വന്തം ആശ്രമത്തിൽ നിന്ന് വാഹനം മാറ്റി ഇടണമെന്ന കാര്യമാണ്. അങ്ങനെ ഇവിടെ നിന്ന് മാറ്റിയിട്ട വാഹനം തിരികെ എത്തിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ആക്രമണം സംഭവിക്കുകയായിരുന്നു.
ALSO READ : Binoy Kodiyeri Case: ബിനോയ് കോടിയേരി കേസ് ഒത്തു തീർപ്പിലേക്ക്, കോടതിയിൽ അപേക്ഷ നൽകി
പോലീസ് അനാസ്ഥയുണ്ടെന്ന് പറയാൻ കാരണമെന്താണ്? സംസ്ഥാന പോലീസിൽ സംഘപരിവാറുകാരുണ്ടെന്ന് കരുതുന്നുണ്ടോ?
പോലീസ് വകുപ്പിൽ ചില ഉദ്യോഗസ്ഥർക്ക് ക്രിമിനലുകളുമായുള്ള ഗാഢ ബന്ധമുണ്ട്. ഗുണ്ടകളുമായുള്ള ഉദ്യോഗസ്ഥരുടെ അഭേദ്യമായ ബന്ധം ഉൾപ്പെടെ പുറത്തുവരുന്നുണ്ട്. പോലീസിൽ സംഘപരിവാറുകാരുണ്ട്. ഇത്തരം വിദ്വംസക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്. അല്ലാതെ പൂർണ്ണാർത്ഥത്തിൽ അടച്ചാക്ഷേപിക്കുകയല്ല.
സ്വാമിയാണ് ഇത് ചെയ്തതെന്ന് സംഘപരിവാറുകാർ ആരോപിക്കുന്നുണ്ടല്ലോ? എന്താണ് മറുപടി
സംഘപരിവാറുകാർ ആശ്രമം തീയിട്ട് കത്തിക്കുന്നതിന് കൂട്ടുനിന്നില്ല എന്നുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഇതിനെതിരെ ഒരു മാർച്ച് നടത്താൻ പോലും അവർ തയ്യാറായില്ല. ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റുകൾ ഇടുന്ന ബിജെപി നേതാവായ കെ സുരേന്ദ്രന് പോലും എന്തുകൊണ്ട് ഒരു മാർച്ച് നടത്താൻ കഴിഞ്ഞില്ല. ബിജെപിയുടെ ഒരു പ്രസ്താവന പോലും വന്നിട്ടില്ലല്ലോ. ശരിയായ പ്രതികളെ പിടികൂടണം എന്ന് ഇത്തരക്കാർ ഇതുവരെ പറഞ്ഞിട്ടുമില്ല.
അങ്ങനെയെന്നുണ്ടെങ്കിൽ അനാവശ്യമായ ആരോപണം ഉന്നയിക്കുന്നുവെന്ന് കാട്ടി എന്തുകൊണ്ട് മുഖ്യമന്ത്രിക്കൊരു നിവേദനം ഇവർ കൊടുത്തില്ല. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കാട്ടി എന്തുകൊണ്ട് കേന്ദ്രമന്ത്രിക്കൊരു നിവേദനം ഇവർ നൽകാൻ തയ്യാറായില്ല. നമ്മൾ ബിജെപിയുടെ നേർക്കൊരു ആരോപണം ഉന്നയിക്കുമ്പോൾ അത് ശരിയല്ല എന്ന് തെളിയിക്കാൻ അവർക്ക് ഉത്തരവാദിത്തമുണ്ട് എന്തുകൊണ്ട് അവർ അതിന് തയ്യാറാകുന്നില്ല.
ALSO READ : AKG Center Bomb Attack: എറിഞ്ഞത് പടക്കമോ? ഉഗ്രസ്‌ഫോടന ശേഷി ഇല്ലാത്ത വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
എകെജി സെന്റർ ആക്രമണത്തെ ആശ്രമം തീയിട്ട് നശിപ്പിച്ച കേസുമായി താരതമ്യപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാൻ കഴിയുന്നില്ല?
പോലീസിന് ഒരു തുമ്പും കിട്ടാത്ത നിരവധി കേസുകൾ സംസ്ഥാനത്തില്ലേ. പ്രതികളെ കിട്ടാത്തത് പോലീസിന്റെ പരാജയം തന്നെയാണെന്ന് സമ്മതിക്കുന്നു. ഇരുചക്ര വാഹനത്തിന്റെ നമ്പർ കണ്ടെത്താൻ കഴിയാത്തത് വലിയ ദുരുഹത തന്നെയാണ്. എകെജി സെന്ററിന് നേരെ ഒരു പഴത്തൊലി എറിഞ്ഞാലും അതൊരു ശരിയായ നടപടിയല്ല. മാതൃകാപരമായി കുറ്റവാളികളെ ശിക്ഷിക്കേണ്ടത് തന്നെയാണ്. പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്. എകെജി സെന്റർ വെറും കെട്ടിടമല്ല, വൈകാരികമായ ഒരിടമാണ്. സംഭവം നടക്കാൻ പാടില്ലാത്തത് തന്നെയാണ്.
ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമോ?
തീർച്ചയായും മുഖ്യമന്ത്രിയെ സമീപിക്കും. ഔദ്യോഗിക വിവരങ്ങൾ, രേഖകൾ ബന്ധപ്പെട്ടവരുടെ പക്കൽ നിന്ന് ലഭിക്കട്ടെ അതിനുശേഷം അത് ഉണ്ടാകും.
സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം കാര്യമായി നടന്നിട്ടില്ലെന്നുള്ള മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണോ?
സംഭവത്തിൽ ഉൾപ്പെട്ടയാളെ കണ്ടെത്താൻ അന്വേഷണസംഘം വലിയ മെനക്കേടൊന്നും നടത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് ഇതിൽ കാര്യമായി അന്വേഷണം നടത്തിയിട്ടുണ്ടോ എന്നുള്ളതിൽ സംശയമുണ്ട്. ആദ്യം ലോക്കൽ പോലീസായിരുന്നു കേസന്വേഷിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ നിർദ്ദേശം വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് നൽകുന്നത്. രണ്ട് ക്രൈംബ്രാഞ്ച് മേധാവിമാർ ഇക്കാലയളവിനിടയിൽ വന്നു പോയി. ടോമിൻ ജെ തച്ചങ്കരിയും എസ് ശ്രീജിത്തും, ഇവിടെയെത്തി രണ്ടു ഉദ്യോഗസ്ഥരും അന്വേഷണം നടത്തി. വലിയ പ്രതീക്ഷയൊക്കെ തന്നാണ് മടങ്ങിപ്പോയത്. എന്നിട്ട് ഫലമോ നിരാശ മാത്രം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.