മുംബൈ : തെന്നിന്ത്യൻ ചിത്രങ്ങൾ കൂട്ടത്തോടെ ഹിന്ദി പതിപ്പുകളാക്കുന്നതിന് അടുത്തിടെ ബോളിവുഡിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അതോടൊപ്പം കെജിഎഫ് ചാപ്റ്റർ 2, ആർആർആർ എന്നീ ചിത്രങ്ങൾ ഹിന്ദി സിനിമ മാർക്കറ്റ് പിടിച്ചടക്കിയതും കൂടിയാകുമ്പോൾ ബോളിവുഡ് സിനിമ മേഖല ആശയ ദാരിദ്രം നേരിടുകയാണെന്നുള്ള അഭിപ്രായങ്ങളും ഉയരുകയാണ്. ഈ ആശയ ദാരിദ്രത്തിന്റെ പ്രധാന പങ്ക് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നത് കൊണ്ടാണെന്ന് ബോളിവുഡ് മേഖലയുമായി ബന്ധപ്പെടുന്നവർ അഭിപ്രായപ്പെടുന്നത്. പക്ഷെ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കൊണ്ടുള്ള തെറ്റ് എന്താണെന്ന് ചോദിച്ചുകൊണ്ട് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ രംഗത്തെത്തി.
മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ വ്യാപകമായി മൊഴിമാറ്റി ഇറക്കുന്ന നടപടി ബോളിവുഡിൽ ആശയ ദാരിദ്രം നേരിടുന്നത് കൊണ്ടാണെന്നാണ് സിനിമ മേഖലയ്ക്കും പുറത്തുമുള്ളവർ കുറ്റപ്പെടുത്തുന്നത്. എന്നാൽ ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നത് കൊണ്ട് യാതൊരു തെറ്റുമില്ലയെന്നാണ് അഭിഷേക് ബച്ചൻ ഇന്ത്യൻ എക്സ്പ്രെസിന് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തെ സംബന്ധിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.
"ഞങ്ങൾ എല്ലാവരും ഇന്ത്യൻ സിനിമ വ്യവസായത്തിന്റെ ഭാഗമാണ്. ചിലപ്പോൾ പല ഭാഷകളിലുമായി ഞങ്ങൾ പ്രവർത്തിച്ചെന്നും ഇരിക്കും, പക്ഷെ ഞങ്ങൾ എല്ലാവരും ഒരു ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഞങ്ങൾ എല്ലാ പ്രേക്ഷകർക്കുമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു സിനിമ വ്യവസായത്തെ മാത്രം മുദ്രകുത്തുന്നത് ശരിയായ നടപടിയല്ല" അഭിഷേക് ബച്ചൻ പറഞ്ഞു. ഒപ്പം സിനിമകൾ ഇങ്ങനെ കൈമാറുന്നതിൽ യാതൊരു തെറ്റമില്ലെന്നും അത് ഇങ്ങനെ എപ്പോഴും നടന്നു കൊണ്ടിരിക്കുന്നതമാണെന്നും ബോളിവുഡ് നടൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
തന്റെ സിനിമയായ ദൂം സൗത്ത് ഇന്ത്യൻ ഭാഷകളിൽ റീമേക്ക് ചെയ്തിട്ടുണ്ടെന്ന് നടൻ അവകാശപ്പെടുന്നു. താൻ തെന്നിന്ത്യൻ ചിത്രത്തിന്റെ റീമേക്കിലും ബൈലിംഗ്വൽ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമകൾ ഇത്തരത്തിൽ കൈമാറുന്നതിൽ ഒരു തെറ്റമില്ലെന്ന് അഭിഷേക് അഭിപ്രായപ്പെട്ടു.
അതേസമയം ആർആർആർ കെജിഎഫ് സിനിമകളുടെ ഹിന്ദി മാർക്കറ്റിലെ ആധിപത്യം ആദ്യമായി നടക്കുന്ന ഒരു സംഭവമല്ലയെന്ന് അഭിഷേക പറഞ്ഞു. "അടുത്തിടെ ഈ ചിത്രങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷെ അവർ എപ്പോഴും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ദക്ഷിണേന്ത്യയിൽ ഹിന്ദി ചിത്രങ്ങളും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊരു പുതിയ സംഭവമല്ല. ഞങ്ങൾ എല്ലാവരും ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണ്. അതുകൊണ്ട് കണ്ടെന്റുകൾ ഇങ്ങനെ കൈമാറുന്നത് ഉണ്ടാകും" അഭിഷേക് കൂട്ടിച്ചേർത്തു.
അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത അഭിഷേക് ബച്ചൻ ചിത്രം ദസ്വിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷേപ ഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് ജൂനിയർ ബച്ചൻ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിൽ നിന്നുള്ള ദൃശ്യം2, അങ്കമാലി ഡയറീസ്, ഹെലൻ, മായനദി, ഇഷ്ക്, ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പതപ്പ് അണിയറിയിൽ തയ്യറാകുകയാണ്. സൂര്യ ചിത്രം സുറാറയ് പൊട്രു, വിക്രം വേദ, കൈതി, ആരുവി എന്നീ ചിത്രങ്ങളാണ് തമിഴ് നിന്ന് ബോളിവുഡ് റീമേക്ക് ചെയ്യാൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അല്ലു അർജുന്റെ അല്ല വൈങ്കുണ്ടപുരളു ഷെഹ്സാദ എന്ന പേരിൽ ഹിന്ദിയിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.